Tuesday 28 January 2014

ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 100 കോടി കടന്നു

ആഗോളതലത്തില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വാര്‍ഷിക വില്‍പ്പന 100 കോടിയെന്ന നാഴികക്കല്ല് പിന്നിട്ടതായി റിപ്പോര്‍ട്ട്. നൂറുകോടിയിലേറെ സ്മാര്‍ട്ട്‌ഫോണുകള്‍ കഴിഞ്ഞ വര്‍ഷം വിറ്റഴിഞ്ഞുവെന്നും, സാംസങ് ആണ് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് മേധാവിത്വം പുലര്‍ത്തുന്ന കമ്പനിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

വിപണി ഗവേഷണ സ്ഥാപനമായ ഐ ഡി സി ( IDC ) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, ലോകമാകെ 2013 ല്‍ വിറ്റുപോയത് 100 കോടിയിലേറെ സ്മാര്‍ട്ട്‌ഫോണുകളാണ്. 2012 നെ അപേക്ഷിച്ച് 38.4 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഒന്നാംസ്ഥാനത്തുള്ളത് ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങ് ( Samsung ) ആണ്. രണ്ടാംസ്ഥാനത്ത് അമേരിക്കയിലെ ആപ്പിളും ( Apple ), മൂന്നാംസ്ഥാനത്ത് ചൈനയിലെ ഹ്വാവേ ( Huawei ) കമ്പനിയുമാണ്.

കഴിഞ്ഞ വര്‍ഷം ലോകത്ത് വിറ്റ മൊബൈല്‍ ഫോണുകളുടെ ആകെ സംഖ്യ 180 കോടിയാണ്. അതില്‍ പകുതിയിലേറെ സ്മാര്‍ട്ട്‌ഫോണുകളാണെന്ന് ഐ ഡി സി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒരു വര്‍ഷം 100 കോടിയിലേറെ സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിയുന്നത് ആദ്യമായാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയിലും ചൈനയിലും സ്മാര്‍ട്ട്‌ഫോണുകളിലേക്ക് ഉപയോക്താക്കള്‍ വേഗം ചുവടുമാറ്റിക്കൊണ്ടിരിക്കുകയാണ്. പതിനായിരം രൂപയ്ക്ക് താഴെ വില വരുന്ന സ്മാര്‍ട്ട്‌ഫോണുകളാണ് ഇവിടങ്ങളില്‍ ഏറെ വിറ്റഴിയുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

2013 ല്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ 42.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ സാംസങിനാണ് വിപണിയിലെ മേധാവിത്വം. രണ്ടാംസ്ഥാനത്തുള്ള ആപ്പിള്‍ 12.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

2013 ല്‍ ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വിവിധ കമ്പനികളുടെ വിഹിതം ഇങ്ങനെ : സാംസങ് -31.3 ശതമാനം, ആപ്പിള്‍ - 15.3 ശതമാനം, ഹ്വാവേ - 4.9 ശതമാനം, എല്‍ജി - 4.8 ശതമാനം, ലെനോവൊ - 4.5 ശതമാനം, മറ്റുള്ളവര്‍ - 39.3 ശതമാനം (വിവരങ്ങള്‍ക്ക് കടപ്പാട് : IDC, ചിത്രം : AP ).

Share this

0 Comment to "ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 100 കോടി കടന്നു"

Post a Comment