Friday 31 January 2014

30 സെക്കന്‍ഡ് പരസ്യത്തിന് 25 കോടി !!!

അമേരിക്കയില്‍ ഞായറാഴ്ച നടക്കുന്ന സൂപ്പര്‍ ബോള്‍ ഫുട്‌ബോള്‍ മല്‍സരത്തിനുള്ള ടെലിവിഷന്‍ പരസ്യ നിരക്ക് ലോകത്ത് നിലിവിലുള്ള എല്ലാ റെക്കോഡുകളേയും മറികടന്നു. 30 സെക്കന്‍ഡ് പരസ്യം കാണിക്കാനുള്ള നിരക്ക് 24 കോടി 80 ലക്ഷം രൂപയാണ് ഇത്തവണ ഈടാക്കുന്നത്.
അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ കാണുന്ന ഫുട്‌ബോള്‍ മല്‍സരമായ സൂപ്പര്‍ബോളിന്റെ ഇടവേളയില്‍ പരസ്യം ചെയ്യാന്‍ ഓരോ സെക്കന്‍ഡിനും ഒരു കോടിയോളം രൂപ കൊടുക്കണം. ആകെ മൂന്നു മണിക്കൂര്‍ മാത്രം നീണ്ടു നില്‍ക്കുന്ന മല്‍സരത്തിനായി മാത്രം കോടികള്‍ മുടക്കി പുതുമയുള്ള പരസ്യങ്ങളാണ് വന്‍കിട കമ്പനികള്‍ ഒരുക്കിയിരിക്കുന്നത്.
ജാഗ്വാര്‍ എന്ന വാഹന വമ്പന്റെ പരസ്യം സംവിധാനം ചെയ്തിരിക്കുന്നത് ഓസ്‌കര്‍ ജേതാവ് ടോം ഹോപ്പറാണ്. അഭിനയിക്കുന്നത് ബെന്‍ കിങ്‌സ് ലിയും.
ഓഡി, ജനറല്‍ മോട്ടോഴ്‌സ്, വോക്‌സ് വാഗന്‍, ഹ്യുണ്ടായി എന്നിവയെല്ലാം പുതിയ പരസ്യങ്ങള്‍ സൂപ്പര്‍ബോള്‍ ഇടവേളയില്‍ അവതരിപ്പിക്കും. താങ്ക്‌സ് ഗിവിങ് ഡേ അഥവാ കൃതജ്ഞതാ ദിവസത്തിനു ശേഷം അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കപ്പെടുന്ന ദിവസം കൂടിയാണ് സൂപ്പര്‍ബോള്‍ ഞായര്‍.
അമേരിക്കയിലെ നാഷനല്‍ ഫുട്‌ബോള്‍ ലീഗിലും അമേരിക്കന്‍ ഫുട്‌ബോള്‍ ലീഗിലും ഒന്നാമതത്തെത്തുന്ന ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന സൂപ്പര്‍ ബോള്‍ മല്‍സരം കഴിഞ്ഞവര്‍ഷം 10 കോടി 80 ലക്ഷം ആളുകളാണ് ടെലിവിഷനിലൂടെ കണ്ടത്. 2012 ല്‍ 11 കോടി 10 ലക്ഷം ആളുകളും കണ്ടു എന്നാണ് കണക്ക്.


Share this

0 Comment to "30 സെക്കന്‍ഡ് പരസ്യത്തിന് 25 കോടി !!!"

Post a Comment