Monday 27 January 2014

നാലാം ഏകദിനം ഇന്ന് : ഇന്ത്യക്ക് ജയിച്ചേ പറ്റൂ

ഹാമില്‍ട്ടണ്‍ : ന്യൂസീലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര കൈവിട്ടുപോകാതിരിക്കാന്‍ ടീം ഇന്ത്യക്ക് ചൊവ്വാഴ്ച നടക്കുന്ന നാലാം മത്സരം ജയിക്കണം. ആദ്യ രണ്ട് മത്സരം തോറ്റ ഇന്ത്യ മൂന്നാമത്തേതില്‍ ടൈയുടെ നൂല്‍പ്പാലത്തിലൂടെയാണ് പരമ്പര കൈവിട്ടുപോവാതെ സൂക്ഷിച്ചത്.

അഞ്ച് കളികളുടെ പരമ്പര തോല്ക്കാതിരിക്കണമെങ്കില്‍ നാലും അഞ്ചും മത്സരങ്ങള്‍ ജയിച്ചേ പറ്റൂ. അതേസമയം പരമ്പരയില്‍ 2-0ന് മുന്നിട്ടുനില്ക്കുന്ന ആതിഥേയരായ ന്യൂസീലന്‍ഡിന് പരമ്പര സ്വന്തമാക്കാന്‍ ഒരു ജയം മതി. ന്യൂസീലന്‍ഡ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെയാണ് പേടിക്കുന്നതെങ്കില്‍ ഇന്ത്യക്ക് പേടി ഇന്ത്യയെത്തന്നെയാണ്. കൃത്യമായിപ്പറഞ്ഞാല്‍ ഇന്ത്യന്‍ ബൗളര്‍മാരെ.

ന്യൂസീലന്‍ഡിലെ ചെറിയ ഗ്രൗണ്ടുകളില്‍ സ്‌കോറിങ് ഒഴുക്ക് തടയുകയെന്നത് പരമപ്രധാനമായ ഒന്നാണ്. പേസ് ബൗളര്‍മാരില്‍ ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷാമിയും തങ്ങളുടെ റോള്‍ ഭംഗിയാക്കുന്നുണ്ടെങ്കിലും മറ്റുള്ളവരുടെ സ്ഥിതി അതല്ല. സ്പിന്നര്‍മാര്‍ തീരെ ക്ലിക്ക് ചെയ്തിട്ടില്ല. ആദ്യ രണ്ട് കളികളില്‍ തിളങ്ങാതെ പോയ സ്പിന്നര്‍മാരായ അശ്വിനും ജഡേജയും മൂന്നാം മത്സരത്തില്‍ ബാറ്റിങ് പ്രകടനത്തിലൂടെ ടീമിന് സമനില സമ്മാനിച്ചെന്നതാണ് ഏക ആശ്വാസ ഘടകം. ടൈയിലായ മൂന്നാം മത്സരത്തിലെ അതേ ഇലവനെ നാലാം മത്സരത്തിനും ഇന്ത്യ ഇറക്കിയേക്കും.

സാധ്യതാ ടീം: ഇന്ത്യ -രോഹിത് ശര്‍മ, ധവാന്‍, കോലി, രഹാനെ, ധോനി(ക്യാപ്റ്റന്‍), റെയ്‌ന, ജഡേജ, അശ്വിന്‍, ആറോണ്‍, ഷാമി, ഭുവനേശ്വര്‍ കുമാര്‍.

ന്യൂസീലന്‍ഡ് -ഗപ്ടില്‍, റൈഡര്‍, വില്യംസണ്‍, ടെയ്‌ലര്‍, ബ്രെണ്ടന്‍ മെക്കല്ലം (ക്യാപ്റ്റന്‍), ആന്‍ഡേഴ്‌സണ്‍, ലൂക്ക് റോഞ്ചി, നേതന്‍ മെക്കല്ലം, മില്‍സ്/ ഹമീഷ് ബെന്നറ്റ്, സൗതീ, മക്ലേനാഗന്‍.

Share this

0 Comment to "നാലാം ഏകദിനം ഇന്ന് : ഇന്ത്യക്ക് ജയിച്ചേ പറ്റൂ"

Post a Comment