Friday 31 January 2014

ഇന്ത്യന്‍ പേസര്‍മാരെ കളി പഠിപ്പിക്കാന്‍ മക്ഗ്രാത്ത് വരുമോ?

ചെന്നൈ: അടുത്ത കാലത്തായി ഇന്ത്യയുടെ പേസ് ബൗളിംഗ് എറെ ദുര്‍ബലമാകുന്നുവെന്ന് പൊതുവെ വിമര്‍ശനമുണ്ട്. പേസിനെ അനുകൂലിക്കുന്ന ദക്ഷിണാഫ്രിക്കയിലും ന്യൂസിലാന്‍ഡിലും കാര്യമായി തിളങ്ങാന്‍ ഇന്ത്യയക്കാര്‍ക്ക് സാധിച്ചില്ല. ഇന്ത്യയുടെ പേസ് ബൗളിംഗ് ശക്തിപ്പെടുത്താന്‍ ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മക്ഗ്രാത്ത് വന്നാലോ? അത്തരമൊരു സാധ്യത തെളിഞ്ഞുവന്നിരിക്കുന്നു. ഇന്ത്യയിലെ യുവ പേസര്‍മാര്‍ക്ക് തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ ഗ്ലെന്‍ മക്ഗ്രാത്തിനെ നിയോഗിക്കാമെന്ന വാഗ്ദ്ധാനം എംആര്‍എഫ് പേസ് ഫൗണ്ടേഷനാണ് മുന്നോട്ടുവെച്ചത്. എംആര്‍എഫ് പദ്ധതി പ്രകാരം ഗ്ലെന്‍ മക്ഗ്രാത്ത് ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ രാജ്യത്തെ യുവ പേസര്‍മാര്‍ക്കും വിവിധ പരിശീലകര്‍ക്കും കളിയുടെ തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കും. എംആര്‍എഫ് നിര്‍ദ്ദേശം ബിസിസിഐ അംഗീകരിച്ചാല്‍ പദ്ധതി ഉടന്‍ നടപ്പിലാക്കാനാകും.

ഇന്ത്യന്‍ പേസര്‍മാര്‍ക്ക് കളി പറഞ്ഞുകൊടുക്കുന്നത് സന്തോഷകരമായ കാര്യമാണെന്ന് മക്ഗ്രാത്തും പറഞ്ഞു. ഇന്ത്യയിലെ പരിശീലകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതും നല്ല കാര്യമാണ്. അവരില്‍ നിന്ന് തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിയാനാകില്ലെന്നതാണ് ഇന്ത്യന്‍ പേസര്‍മാരുടെ ന്യൂനതയായി താന്‍ കാണുന്നത്. ഒരോവറില്‍ ആറു യോര്‍ക്കറുകള്‍ എറിയാന്‍ ശേഷിയുള്ള ബൗളറെ അനായാസം നേരിടാന്‍ ഒരു ബാറ്റ്സ്മാനും തയ്യാറാകില്ലെന്നും മക്ഗ്രാത്ത് ചൂണ്ടിക്കാട്ടി.

Share this

0 Comment to "ഇന്ത്യന്‍ പേസര്‍മാരെ കളി പഠിപ്പിക്കാന്‍ മക്ഗ്രാത്ത് വരുമോ?"

Post a Comment