Friday 31 January 2014

ധോണിയുടെയും കൂട്ടരുടെയും അപഥസഞ്ചാരം

ജി ആര്‍ അനുരാജ്

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ 4-0ന് തോറ്റ ഇന്ത്യ ഏകദിന റാങ്കിംഗിലെ ഒന്നാം സ്ഥാനത്തിന് അര്‍ഹരല്ലാതായി മാറുകയാണോ? അവസാനം കളിച്ച എട്ടു ഏകദിന മല്‍സരങ്ങളില്‍ ആറെണ്ണം തോറ്റ ഇന്ത്യയ്ക്ക് ഒരു മല്‍സരം പോലും വിജയിക്കാനായില്ല എന്ന നാണക്കേടാണ് പേറാനുള്ളത്. ദക്ഷിണാഫ്രിക്കയില്‍ മൂന്നു മല്‍സര പരമ്പരയില്‍ രണ്ടെണ്ണം തോറ്റപ്പോള്‍ ഒരെണ്ണം ടൈ ആയി. ന്യൂസിലാന്‍ഡില്‍ അഞ്ചില്‍ നാലിലും തോറ്റപ്പോള്‍ മൂന്നാമത്തെ മല്‍സരം സമനിലയായി. വിരാട് കൊഹ് ലി, ശിഖാര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര, മൊഹമ്മദ് ഷമി തുടങ്ങിയ താരങ്ങളുടെ മികച്ച ഫോമാണ് അടുത്തകാലത്തായി ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയ്ക്ക് വിജയങ്ങള്‍ സമ്മാനിക്കുന്നത്. സുരേഷ് റെയ്ന, രോഹിത് ശര്‍മ്മ, മുരളി വിജയ്, രവിചന്ദര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ്മ തുടങ്ങിയവര്‍ ടീമിന് ഭാരമായി മാറിയിട്ടും ക്യാപ്റ്റന്‍ ധോണി കണ്ണടയ്ക്കുന്നത് എന്തുകൊണ്ടാണ്? എല്ലാ മല്‍സരങ്ങളിലും ശരാശരി 50ല്‍ ഏറെ റണ്‍സ് നേടുന്നുണ്ടെങ്കിലും ടീമിന്റെ വിജയത്തില്‍ ഭാഗഭാക്കാകാന്‍ അടുത്തകാലത്തായി ധോണിക്കും സാധിക്കുന്നില്ല. എന്തുകൊണ്ടാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇത്തരത്തില്‍ തോറ്റുകൊണ്ടിരിക്കുന്നത്? വിദേശ പിച്ചുകളിലെ ബലഹീനതയാണോ ടീം ഇന്ത്യയ്ക്ക് വിനയാകുന്നത്? അതോ അടുത്തകാലത്തായി ശക്തിപ്പെടുന്ന ലോബിയിംഗ് ധോണിപ്പടയുടെ സുവര്‍ണ്ണകാലം അവസാനിപ്പിക്കുകയാണോ?


2000ല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ നായകനായി സൗരവ് ഗാംഗുലി എത്തുമ്പോള്‍ പരമ്പരാഗതമായ ചട്ടക്കൂടുകളെ പൊളിച്ചെഴുതാനാണ് ശ്രമിച്ചത്. ജീവിതത്തിലെ നിര്‍ണായകഘട്ടത്തില്‍ സ്വന്തം വീട്ടുകാരെ പിണക്കി പ്രണയഭാജനത്തെ സ്വന്തമാക്കാന്‍ സൗരവ് കാട്ടിയ ആര്‍ജ്ജവമാണ് നായകനെന്ന നിലയിലും കാണാനായത്. ആ ശൗര്യത്തിന് മുന്നില്‍ ക്രിക്കറ്റ് ഭരിച്ചുമുടിച്ചവര്‍ വഴങ്ങി. സൗരവിന് മുമ്പ് ഇന്ത്യന്‍ ടീം എന്നാല്‍ ബിസിസിഐയില്‍ ഏറെ സ്വാധീനമുണ്ടായിരുന്ന മുംബൈ, കര്‍ണാടക, ഹൈദരാബാദ്, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ ചില ക്രിക്കറ്റ് അസോസിയേഷനുകളില്‍ നിന്നുള്ള താരങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍ ബംഗാളുകാരനായ സൗരവ് ഗാംഗുലി ആഗ്രഹിച്ചത് വ്യവസ്ഥാപിതമായ രീതികളുടെ പൊളിച്ചെഴുത്തായിരുന്നു. ഒത്തുകളി വിവാദത്തില്‍ നാണംകെട്ട് തലതാഴ്ത്തി നിന്ന ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിശ്വാസ്യത വീണ്ടെടുക്കുക എന്ന ലക്ഷ്യവും ദാദയ്ക്ക് ഉണ്ടായിരുന്നു.

അങ്ങനെ കാലക്രമേണ ക്രിക്കറ്റ് ഭരണാധികാരികളെയും സെലക്ടര്‍മാരെയും മുന്‍താരങ്ങളെയും പിണക്കിക്കൊണ്ടാണെങ്കിലും യുവതാരങ്ങളുടെ മികച്ച ഒരു സംഘത്തെ സൗരവ് വാര്‍ത്തെടുത്തു. ഹര്‍ഭജന്‍സിംഗ്, യുവരാജ് സിംഗ്, സഹീര്‍ഖാന്‍, വീരേന്ദര്‍ സെവാഗ്, ഇര്‍ഫാന്‍ പത്താന്‍ എന്നിവരൊക്കെ ഗാംഗുലിയുടെ വാല്‍സല്യത്തില്‍ വളര്‍ന്നുവന്ന ക്രിക്കറ്റര്‍മാരാണ്. ഇവരില്‍ ആരെങ്കില്‍ ഫോം നഷ്ടമായാല്‍ ടീമിന് പുറത്താക്കാന്‍ കഴുകന്‍ കണ്ണുകളുമായി കാത്തിരുന്ന സെലക്ടര്‍മാരെ ഗാംഗുലി നിലയ്ക്ക് നിര്‍ത്തി. ഫോം നഷ്ടമാകുമ്പോഴോ, പ്രകടനം മോശമാകുമ്പോഴോ, ആത്മവിശ്വാസം പകര്‍ന്നു നല്‍കി സൗരവ് അവരെ ഒപ്പം നിര്‍ത്തി. അങ്ങനെ വളര്‍ത്തിയെടുത്ത സംഘമാണ് സച്ചിനും ദ്രാവിഡിനും ഗാംഗുലിയ്ക്കും ലക്ഷ്മണിനുമൊപ്പം പൊരുതാന്‍ ശേഷിയുള്ള ടീ ഇന്ത്യയായി മാറിയത്. 2003ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ റണ്ണേഴ്സ് അപ്പായതും പാകിസ്ഥാന്‍, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ചരിത്രപരമായ പരമ്പര വിജയങ്ങളും നേടുന്ന അവസ്ഥയിലേക്ക് ഇന്ത്യന്‍ ടീം മാറിയത് ഗാംഗുലിയുടെ കാലത്താണ്.

മോശം ഫോമിനെത്തുടര്‍ന്ന് 2005ല്‍ ഗാംഗുലിക്ക് ക്യാപ്റ്റന്‍സി നഷ്ടമായി. എന്നാല്‍ ഗാംഗുലി ഒരുക്കിയ പ്ലാറ്റ്ഫോമിന്റെ ഗുണഭോക്താക്കളായി ദ്രാവിഡും, കുംബ്ലെയും പിന്നീട് ധോണിയും ഇന്ത്യയുടെ നായകസ്ഥാനത്തെത്തി. ദ്രാവിഡിനും കുംബ്ലെയ്ക്കും പ്രതീക്ഷിച്ചപോലെ ശോഭിക്കാനായില്ലെങ്കിലും ധോണിയുടെ കാലഘട്ടം ഇന്ത്യന്‍ ക്രിക്കറ്റിന്റെ തന്നെ സുവര്‍ണ്ണ കാലഘട്ടമായി മാറി. 2007ലെ ട്വന്റി20 ലോകകപ്പ്, 2011ലെ ലോകകപ്പ്, 2013ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി, പിന്നെ നിരവധി പരമ്പര വിജയങ്ങള്‍ അങ്ങനെ ധോണിയുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ് അനുപമമാണ്. ഗാംഗുലി പാകിയ വിത്ത് മുളച്ചപ്പോള്‍ വെള്ളവും വളവും നല്‍കി പരിപാലിക്കേണ്ട ചുമതല നന്നായി ധോണി നിര്‍വ്വഹിച്ചു എന്ന് പറയുന്നതാകും ശരി. ജാര്‍ഖണ്ഡിലെ കര്‍ഷക കുടുംബത്തില്‍ നിന്നെത്തിയ മഹേന്ദ്രസിംഗ് ധോണി എന്ന എം എസ് ധോണി വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ സെലിബ്രിറ്റിയായി മാറി. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ വളരെ കൂളായി ബാറ്റുചെയ്ത് മികച്ച മാച്ച് ഫിനിഷറായി ധോണി പേരെടുത്തു. ക്യാപ്റ്റനെന്ന നിലയിലും ധോണി തിളങ്ങിയത് ഫീല്‍ഡിലെ സമ്മര്‍ദ്ദങ്ങളെ കൂളായി നേരിട്ടാണ്. അതുകൊണ്ടുതന്നെ ക്യാപ്റ്റന്‍ കൂള്‍ എന്ന വിളിപ്പേര് ധോണി നന്നായി ആസ്വദിക്കുകയും ചെയ്തു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അവതരിക്കുന്ന കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഹാര്‍ഡ് ഹിറ്ററായിരുന്ന ധോണി മോഹവിലയ്ക്കാണ് ചെന്നൈ സൂപ്പര്‍കിംഗ്സില്‍ എത്തുന്നത്. ക്രിക്കറ്റിലെ കായികപരമായ പ്രശസ്തിയെ വാണിജ്യപരമായി മുതലെടുക്കാന്‍ ധോണി തുടങ്ങിയത് ഐപിഎല്‍ മുതലാണ്. ബിസിസിഐയില്‍ പണത്തിളക്കം കൊണ്ട് മേധാവിത്വം നേടിയ സൂപ്പര്‍കിംഗ്സ് ഉടമയായ എന്‍ ശ്രീനിവാസനും കൂട്ടരും ഇന്ത്യന്‍ ക്രിക്കറ്റിനെ അടക്കിഭരിക്കാന്‍ തുടങ്ങിയതോടെ ധോണിയും ആ സംഘത്തോടൊപ്പം ചേര്‍ന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ആരൊക്കെ വേണമെന്ന് നിശ്ചയിക്കുന്നത് ധോണിയും ശ്രീനിവാസനുമായി. അതോടെ ടീം സെലക്ഷനില്‍ ചെന്നൈ സൂപ്പര്‍കിംഗ്സ് താരങ്ങള്‍ക്ക് മേധാവിത്വമുണ്ടാകുന്നത് സ്വാഭാവികമായി. റെയ്നയും അശ്വിനും ജഡേജയും മോഹിത് ശര്‍മ്മയുമൊക്കെ ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിദ്ധ്യമായി മാറി.

ഏകദിനത്തിലും ടെസ്റ്റിലും ഒന്നാം റാങ്കില്‍ എത്തിയതോടെ 1999-2008 കാലഘട്ടത്തിലെ ഓസ്ട്രേലിയയ്ക്ക് തുല്യരായി ധോണിപ്പടയെ കളിവിദഗ്ദ്ധര്‍ വാഴ്ത്തിപ്പാടി. 2011 ലോകകപ്പിന് ശേഷം ഓസ്ട്രേലിയയില്‍ 4-0ന് ടെസ്റ്റ് പരമ്പര തോറ്റതും 2012ല്‍ സ്വന്തം നാട്ടില്‍ ഇംഗ്ലണ്ടിനെതിരെ തോറ്റതും ഒഴിച്ചാല്‍ ഭേദപ്പെട്ട പ്രകടനമാണ് ധോണിപ്പട ഇതുവരെ കാഴ്ചവെച്ചത്. അതുകൊണ്ടാണല്ലൊ ഏകദിനത്തിലും ടെസ്റ്റിലും ഒന്നാമന്‍മാരായി മാറിയത്. എന്നാല്‍ വിദേശത്തെ പ്രകടനം ഇന്നും ഇന്ത്യയ്ക്ക് ഒരു പ്രശ്നമായി തുടരുന്നുവെന്ന് ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ് പര്യടനങ്ങള്‍ തെളിയിക്കുന്നു. അതോടൊപ്പം ഒരിടക്കാലത്തിന് ശേഷം ടീമിലെ ലോബിയിംഗ് മടങ്ങിയെത്തിയിരിക്കുന്നുവെന്ന നിരാശാജനകമായ കാര്യവും തോല്‍വികള്‍ക്ക് പിന്നിലുണ്ട്. സൂപ്പര്‍കിംഗ്സ് താരങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണ ലഭിക്കുമ്പോള്‍, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, ഉന്മുക്ത് ചന്ദ്, അമിത് മിശ്ര തുടങ്ങിയ ദില്ലി താരങ്ങള്‍ക്കും സഹീര്‍ഖാന്‍, യുവരാജ് സിംഗ്, ഹര്‍ഭജന്‍ സിംഗ് തുടങ്ങിയ ഗാംഗുലി ബ്രിഗേഡുകള്‍ക്കും തുടര്‍ച്ചയായ അവഗണന മാത്രം.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി 2015 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ന്യൂസിലാന്‍ഡിലും ഓസ്ട്രേലിയയിലും നടക്കുന്ന ലോകകപ്പാണ്. നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് ലോകകപ്പ് നിലനിര്‍ത്തണമെങ്കില്‍ ഭഗീരഥപ്രയത്നം തന്നെ വേണ്ടിവരും. ഒന്നാമത്തെ കാരണം ന്യൂസിലാന്‍ഡിലെയും ഓസ്ട്രേലിയയിലെയും സാഹചര്യം ഇന്ത്യയ്ക്ക് തികച്ചും ദുഷ്ക്കരമായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. രണ്ടാമത്തെ കാരണം പ്രധാന എതിരാളികള്‍ കരുത്തരായി മാറിയിരിക്കുന്നു എന്നതാണ്. ഓസ്ട്രേലിയ പതുക്കെ നഷ്ടപ്രതാപം വീണ്ടെടുത്തിരിക്കുന്നു. ദക്ഷിണാഫ്രിക്കയും മികച്ച സംഘമായി മാറിയിരിക്കുന്നു. ഏറെക്കാലമായി മങ്ങിയ ഫോമിലായിരുന്ന ന്യൂസിലാന്‍ഡ് പുതുനിര സംഘത്തെ വാര്‍ത്തെടുത്തുകഴിഞ്ഞു. എതിരാളികളെ ഒറ്റയ്ക്ക് തോല്‍പ്പിക്കാന്‍ ശേഷിയുള്ള കോറി ആന്‍ഡേഴ്സണെ പോലുള്ള യുവതാരങ്ങളും അവരുടെ നിലയിലുണ്ട്. അടുത്ത ലോകകപ്പില്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്നത് ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ന്യൂസിലാന്‍ഡ് ടീമുകള്‍ക്കാകും.

എന്നാല്‍ ഇതിനാക്കാള്‍ ഏറെ ഇന്ത്യയ്ക്ക് ഭീഷണിയായി മാറാവുന്നത് ലോബിയിംഗ് ആണ്. 2000ന് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റിനെ തുടര്‍ച്ചയായി നശിപ്പിച്ചുകൊണ്ടിരുന്നത് ക്യാപ്റ്റന്‍മാരുടെയും സെലക്ടര്‍മാരുടെയും ബിസിസിഐ മേലാധികാരികളുടെയും നേതൃത്വത്തിലുണ്ടായിരുന്ന ലോബിയിംഗ് ആണ്. ഒരു ദശാബ്ദത്തിലേറെക്കാലമായി ഇന്ത്യയ്ക്ക് പരിചിതമല്ലാതിരുന്ന ലോബിയിംഗ് വീണ്ടുമെത്തുന്നതിന് പിന്നില്‍ ധോണിയും ശ്രീനിവാസനും ചേര്‍ന്നുള്ള കൂട്ടുകെട്ടാണെന്നാണ് പറയേണ്ടിവരും. സൂപ്പര്‍കിംഗ്സ് താരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമില്‍ അമിത പ്രാധാന്യം നല്‍കാന്‍ ധോണി ശ്രമിച്ചപ്പോള്‍, ബിസിസിഐ കരാര്‍ വ്യവസ്ഥയില്‍ മുന്‍നിര ഗ്രേഡ് നല്‍കിയാണ് ശ്രീനിവാസന്‍ അവരെ പരിപോഷിപ്പിച്ചത്. ഏറെക്കാലമായി ഫോമിലല്ലാതിരുന്നിട്ടും ടീമില്‍ തുടരുന്ന സുരേഷ് റെയ്ന ഉള്‍പ്പടെയുള്ളവര്‍ എ ഗ്രേഡില്‍ തുടര്‍ന്നപ്പോള്‍ ടെസ്റ്റില്‍ തുടരെ മികച്ച ഫോമില്‍ കളിക്കുന്ന പൂജാരയെപ്പോലുള്ളവര്‍ ബി ഗ്രേഡിലാണ്.

സെവാഗിനെയും ഗംഭീറിനെയും പുറത്താക്കാന്‍ റൊട്ടേഷന്‍ സമ്പ്രദായമാണ് ധോണി ആവിഷ്ക്കരിച്ചത്. അത് ഫലം കാണുകയും ചെയ്തു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരാണ് സെവാഗും ഗംഭീറും. എന്നാല്‍ 2012ലെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഇവരെ പുറത്തിരുത്താന്‍ ധോണി കണ്ടുപിടിച്ച മാര്‍ഗമായിരുന്നു ടീമില്‍ റൊട്ടേഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തുക എന്നത്. പക്ഷെ റൊട്ടേഷന്‍ സമ്പ്രദായം എല്ലാ താരങ്ങള്‍ക്കും ബാധകമാക്കിയില്ല. ഇതിനെതിരെ പരസ്യമായി പ്രതികരിച്ചുകൊണ്ട് വീരുവും ഗൗതിയും രംഗത്തെത്തി. പരസ്യ പ്രതികരണത്തിന് അച്ചടക്ക നടപടി വന്നപ്പോള്‍ ഇരയായത് ദില്ലി താരങ്ങള്‍ മാത്രം.

ധോണിയുടെ ഇഷ്ടക്കാരായ അശ്വിന്‍, റെയ്ന, ജഡേജ, മുരളി വിജയ്, ഇഷാന്ത് ശര്‍മ്മ, രോഹിത് ശര്‍മ്മ തുടങ്ങിയവരൊക്കെ മോശം ഫോമായാലും ടീമിലുണ്ടാകും. ഇതെല്ലാം ടീം ഇന്ത്യയ്ക്ക് മോശം സൂചനയാണ് നല്‍കുന്നത്. എന്നാല്‍ തുടരെ മിന്നുന്ന ഫോമില്‍ കളിക്കുന്ന വിരാട് കൊഹ് ലി, ചേതേശ്വര്‍ പൂജാര, മൊഹമ്മദ് ഷമി എന്നിവരൊക്കെ ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. പൂജാരയെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്താന്‍ ഇനിയും മടിക്കരുത്. കൊഹ് ലിയെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ മദ്ധ്യനിരയുടെ പ്രകടനം ദയനീയമാണ്. ഓപ്പണര്‍മാരും തുടരെ പരാജയപ്പെടുന്നത് ശുഭലക്ഷണമല്ല. ധവാന്‍ ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ ധവാന് പറ്റിയ ഒരു പങ്കാളിയെ ഇനിയും കണ്ടെത്തിയിട്ടില്ല. പരീക്ഷണങ്ങള്‍ മുറയ്ക്ക് നടക്കുന്നുണ്ടെന്ന് മാത്രം. അശ്വിനും ജഡേജയും നാട്ടിലെ സാഹചര്യത്തില്‍ പുറത്തെടുക്കുന്ന മികവ് വിദേശത്ത് കാട്ടുന്നില്ല. അമിത് മിശ്ര, പ്രഗ്യന്‍ ഓജ എന്നിവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ ടീം മാനേജ്മെന്റ് തയ്യാറാകണം. പരിചയസമ്പത്തും യുവനിരയും കോര്‍ത്തിണക്കി മികച്ച ടീമിനെ ലോകകപ്പിന് മുമ്പ് സജ്ജമാക്കേണ്ടതുണ്ട്. എന്നാല്‍ ടീമിനുള്ളില്‍ ലോബിയിംഗ് നയം സ്വീകരിച്ചുകൊണ്ടുള്ള ധോണിയുടെ അപഥസഞ്ചാരം ലോകകപ്പ് നിലനിര്‍ത്താനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയായി മാറിയേക്കാം...

Share this

0 Comment to "ധോണിയുടെയും കൂട്ടരുടെയും അപഥസഞ്ചാരം"

Post a Comment