Friday 31 January 2014

കളിയും ജീവിതവും

ക്രിക്കറ്റിനെ ഭ്രാന്തമായി സ്‌നേഹിക്കുകയും അതില്‍ സച്ചിന്‍ എന്ന ദൈവത്തെ ആരാധിക്കുകയും നെഞ്ചേറ്റുകയും വികാരമായി കൊണ്ടുനടക്കുകയും ചെയ്ത ഒരു തലമുറയുടെ കളികാലങ്ങളിലൂടെയുള്ള യാത്ര. ആ നൊസ്റ്റാള്‍ജിയയുടെ പേര് 1983. 'ക്ലാസ്‌മേറ്റ്‌സ് ' പോലെ ഓര്‍മ്മകളിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് '1983' എന്ന ചിത്രം. ദൂരദര്‍ശനില്‍ ക്രിക്കറ്റ് കണ്ട് തുടങ്ങിയ കൗമാരകാലത്തില്‍ നിന്ന് നാട്ടുംപുറത്ത് ക്ലബ്ബും ടൂര്‍ണമെന്റുമായി ക്രിക്കറ്റ് കളിച്ച് നടന്ന കാലത്തേയും ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയിലും ക്രിക്കറ്റ് ഒരു ലഹരിയായി കൊണ്ടുനടക്കുന്നവരേയും പ്രതിനിധീകരിക്കുന്നു ഈ ചിത്രം.

സച്ചിന്റെ കടുത്ത ആരാധകനായ എബ്രിഡ് ഷൈന്‍ എന്ന ഫോട്ടോഗ്രാഫര്‍ '1983' എന്ന ചിത്രത്തിലൂടെ സംവിധായകനായി ഒരു പുതിയ ഇന്നിങ്‌സ് തുടങ്ങുമ്പോള്‍ അതില്‍ 80-കളിലും 90-കളിലും ക്രിക്കറ്റില്‍ ആണ്ടുപോയ ഒരു തലമുറയെ കാണാനാകും. അവരെ പ്രതിനിധീകരിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുണ്ട് ചിത്രത്തില്‍. അവര്‍ക്ക് പേര് രമേശനെന്നും മാന്‍ഡിലെന്നും വിളക്കൂതിയെന്നുമൊക്കെയാണെങ്കിലും അതില്‍ നമ്മള്‍ ഓരോരുത്തരുമുണ്ട്. നമ്മുടെ കളികാലമുണ്ട്. പഠനവും ഭക്ഷണവും മറന്ന് ടെലിവിഷന് മുന്നിലിരുന്ന് ദൂരദര്‍ശനില്‍ കളികണ്ട ദിവസങ്ങളുണ്ട്. മൈതാനത്ത് കളിക്കിടയില്‍ നടക്കുന്ന തമാശകളും അബദ്ധങ്ങളുമായി എല്ലാ സംഭവങ്ങളും ഇതില്‍ കടന്നുവരുന്നു.

1983-ല്‍ കപിലിന്റെ ചെകുത്താന്മാര്‍ ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിനെ ചുരുട്ടിക്കെട്ടി ഇന്ത്യക്ക് ലോക കിരീടം സമ്മാനിക്കുമ്പോള്‍ അതിനെ പലരും കണ്ടത് അത്ഭുതമായിട്ടാണ്. ഇന്ത്യയുടെ കന്നി ലോകകിരീടകാലത്ത് ജനിച്ച രമേശന്‍ എന്ന കഥാപാത്രത്തിന്റെ ഓര്‍മ്മകളിലൂടെയാണ് സിനിമ കടന്നുപോകുന്നത്. ക്രിക്കറ്റിനെ സ്‌നേഹിച്ച രമേശന്‍ എന്ന കഥാപാത്രത്തിന്റെ മൂന്നു കാലങ്ങളാണ് സിനിമയുടെ പ്രമേയപരിസരം. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും രമേശന്‍. സച്ചിന്‍ യുഗം തുടങ്ങിയ കാലം മുതല്‍, പഠനത്തില്‍ മിടുക്കനായിരുന്ന രമേശന്‍ പഠനം മറന്ന് ക്രിക്കറ്റിനെ സ്‌നേഹിച്ചുതുടങ്ങി. മകന്‍ എഞ്ചിനീയറാകുന്നത് അച്ഛന്‍ സ്വപ്നം കണ്ടപ്പോള്‍ ക്രിക്കറ്റ് മാത്രമായിരുന്ന രമേശന്റെ സ്വപ്നങ്ങള്‍ നിറയെ. കളിയില്‍ ജയവും തോല്‍വിയും പോലെ രമേശന്‍ ക്രിക്കറ്റില്‍ ജയിച്ചപ്പോള്‍ പഠനത്തിലും ജീവിതത്തിലും തോറ്റുതുടങ്ങി.

ഒരു ക്രിക്കറ്റ് ഷോട്ടില്‍ നിന്ന് അവന് ഒരു കൂട്ടുകാരിയെ കിട്ടി-മഞ്ജുള ശശിധരന്‍. ക്രിക്കറ്റിനൊപ്പം അവന്റെ മനസ്സില്‍ പ്രണയവും ഇന്നിങ്‌സ് തുടങ്ങി. കാസനോവയിലൂടെ മലയാളത്തിലുമെത്തിയ സഞ്ജനയുടെ സഹോദരി നിക്കി ഗല്‍റാണിയാണ് മഞ്ജുള ശശിധരനായി വേഷമിട്ടത്. തികഞ്ഞ മോഡേണ്‍ ലുക്കില്‍ നിന്നും ഒരു മേക്കോവര്‍ തന്നെയായി അവര്‍ക്ക് മഞ്ജുളയുടെ വേഷം.

ക്രിക്കറ്റില്‍ നിറഞ്ഞ ആദ്യപകുതിയില്‍ രമേശന്റെ പ്രണയവും അതിന് അകമ്പടിയാകുന്ന 'ഓലഞ്ഞാലിക്കുരുവി' എന്ന മനോഹര ഗാനവും ചിത്രത്തിന്റെ ഹൈലൈറ്റാണ്. പി. ജയചന്ദ്രനും വാണി ജയറാമും കാല്‍നൂറ്റാണ്ടിന് ശേഷം ഒരുമിച്ച് പാടിയ ഈ ഗാനവും അതിന് മാറ്റുകൂട്ടുന്ന ദൃശ്യങ്ങളും പ്രശംസയര്‍ഹിക്കുന്നു. 'അക്കരക്കാഴ്ചകളി'ലും 'എബിസിഡി'യിലും ചിരിപടര്‍ത്തിയ ഗ്രിഗറി, മുംബൈയില്‍ നിന്നും ഇറക്കുമതി ചെയ്ത ക്രിക്കറ്റ് താരമായി '1983'ലും ചിരിക്ക് വകനല്‍കി. 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബി'ലേതുപോലെ ക്രിക്കറ്റിനെ സ്‌നേഹിച്ച ഒരു കൂട്ടം ചെറുപ്പക്കാരുണ്ട് നിവിന്‍ പോളിയുടെ കഥാപാത്രത്തിനൊപ്പം. സൈജു കുറുപ്പും ഷൈന്‍ ടോം ചാക്കോയും അജു വര്‍ഗീസും ഈ ടീമിലുണ്ട്.


രണ്ടാം പകുതിയിലേക്കെത്തുമ്പോള്‍ സിനിമ കേവലം കളിയില്‍ നിന്നും കാര്യമായി മാറുന്നു. രമേശനും സംഘവും അവരവരുടെ ജീവിതമാര്‍ഗങ്ങള്‍ കണ്ടെത്തി. പ്രണയനഷ്ടത്തില്‍ നിന്ന് പുതിയൊരു ജീവിതത്തിലേക്ക് രമേശനും ആനയിക്കപ്പെടുന്നു. അല്ലെങ്കില്‍ നിര്‍ബന്ധിക്കപ്പെടുന്നു. അച്ഛന്റെ വഴി പിന്തുടര്‍ന്ന് ലെയ്ത്തില്‍ രമേശനും ജീവിതമാര്‍ഗം കണ്ടെത്തി. പലരും പല ജോലിയിലേക്ക് ഒതുങ്ങിയെങ്കിലും ഇന്ത്യയുടെ കളിയുള്ള ദിവസങ്ങളില്‍ ആ സൗഹൃദക്കൂട്ടം പതിവ് പോലെ ടിവിക്ക് മുമ്പില്‍ അണിനിരക്കും. അടുത്ത തലമുറയിലേക്കും രമേശന്‍ ക്രിക്കറ്റിനെ കൈമാറുന്നു. ടെന്നീസ് ബോളില്‍ ക്രിക്കറ്റ് കളിച്ചതില്‍ നിന്നും വളരെ അകലെയാണ് യഥാര്‍ഥ ക്രിക്കറ്റിന്റെ ലോകമെന്ന് രമേശന്‍ തിരിച്ചറിയുന്നു.

കളിയല്ല ജീവിതം എന്ന് ഓര്‍മ്മിപ്പിച്ച മാതാപിതാക്കളുടെ വാക്ക് കേള്‍ക്കാതെ ക്രിക്കറ്റ് മാത്രമാണ് ജീവിതം എന്ന് തിരഞ്ഞെടുത്ത് ആ വിശാലമായ വഴിയിലൂടെ നടന്നുപോയവരുടെ ഓര്‍മ്മയ്ക്കായി ഈ ചിത്രത്തെ രേഖപ്പെടുത്താം.

Share this

0 Comment to "കളിയും ജീവിതവും"

Post a Comment