Tuesday 28 January 2014

മാരുതി സുസുക്കിക്ക് പാരയായി സുസുക്കി

ന്യൂഡൽഹി: ഇന്ത്യയിലെ  ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് ആശങ്ക സൃഷ്ടിച്ചുകൊണ്ട് സുസുക്കി ഇന്ത്യയിൽ സ്വന്തം പ്ലാന്റ് സ്ഥാപിക്കുന്നു.
ഗുജറാത്തിൽ സ്ഥാപിക്കുന്ന ഈ പ്ലാന്റിൽനിന്ന് മാരുതി സുസുക്കി കാർ വാങ്ങും.
മാരുതി സുസുക്കിയെ കാർ വിൽക്കുന്ന സ്ഥാപനമാക്കി മാറ്റുന്ന ഈ തീരുമാനത്തെത്തുടർന്ന് കന്പനിയുടെ ഓഹരി കുത്തനെ ഇടിഞ്ഞു.

ഗുജറാത്തിൽ സുസുക്കിയുടെ സന്പൂർണ ഉടമസ്ഥതയിലുള്ള പ്ലാന്റ് സ്ഥാപിക്കാനാണ് മാരുതി സുസുക്കി ഡയറക്ടർ ബോർഡ് തീരുമാനിച്ചിരിക്കുന്നത്. ഈ കന്പനിയിൽനിന്ന് മാരുതി സുസുക്കി കാറുകൾ വാങ്ങും. ഫലത്തിൽ മാരുതി സുസുക്കിയുടെ ലാഭം കുറയുകയും അത് ഒരു മാർക്കറ്റിംഗ് കന്പനിയായി മാറുകയും ചെയ്യുമെന്നതാണ് ഓഹരിയുടമകളുടെ ആശങ്ക. ഈ തീരുമാനത്തെത്തുടർന്ന് എട്ടു ശതമാനം ഇടിവാണ് ഇന്ന് മാരുതി സുസുക്കിയുടെ ഓഹരികളിൽ അനുഭവപ്പെട്ടത്.

മാരുതി സുസുക്കിയിലെ ഏറ്റവും വലിയ ഓഹരിയുടമയാണ് ജാപ്പനീസ് കന്പനിയായ സുസുക്കി. കൂടുതൽ ഓഹരികൾ കൈയടക്കാനുള്ള ശ്രമം കുറെക്കാലമായി സുസുക്കി നടത്തുന്നുണ്ട്. അത് വിജയിക്കാത്തതാണ് പുതിയ കന്പനി തുടങ്ങി വളഞ്ഞ വഴിയിലൂടെ മാരുതി സുസുക്കിയെ കീഴടക്കുന്നത്. കാർ നിർമിക്കാൻ ഇപ്പോഴുള്ള പ്ലാന്റുകൾ പോരെങ്കിൽ പുതിയത് തുടങ്ങാൻ മാരുതി സുസുക്കിക്ക് ഒരു പ്രയാസവുമില്ല. ഏത് സർക്കാരും ഈ കന്പനിയെ കൈയും നീട്ടി സ്വീകരിക്കും. അത് ചെയ്യാതെ സുസുക്കിയുടെ സന്പൂർണ ഉടമസ്ഥതയിൽ ഫാക്ടറി തുടങ്ങുന്നതിനെ ഏവരും സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഡിസംബറിൽ അവസാനിച്ച മൂന്നു മാസം മാരുതി സുസുക്കിയുടെ ലാഭത്തിൽ 36 ശതമാനം വർദ്ധനയാണുണ്ടായത്.

Share this

0 Comment to "മാരുതി സുസുക്കിക്ക് പാരയായി സുസുക്കി"

Post a Comment