Thursday 30 January 2014

മൊബൈല്‍ റേഡിയേഷന്‍ കൂടുതല്‍ കൊച്ചിയില്‍

കല്പറ്റ: സംസ്ഥാനത്ത് കൂടുതല്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുള്ളത് എറണാകുളത്ത്. മൊബൈല്‍ റേഡിയേഷനും കൂടുതല്‍ ഇവിടെ തന്നെ.

കൊച്ചി കോര്‍പ്പറേഷനിലെ മൊബൈല്‍ ടവര്‍ റേഡിയേഷനെ സംബന്ധിച്ചാണ് വയനാട്ടുകാരനായ കെ.ആര്‍. വിജേഷും, എറണാകുളം സ്വദേശി ഹൃദ്യ. ബി. കുറുപ്പും ചേര്‍ന്ന് പഠനം നടത്തിയത്.

വൈറ്റില, ഇടപ്പള്ളി, കലൂര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുള്ളത്. 90 ശതമാനം റേഡിയേഷനും ഇവിടെയാണ്. കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പോസ്റ്ററിലാണ് വിജേഷിന്റെയും ഹൃദ്യയുടെയും കണ്ടുപിടുത്തം പ്രദര്‍ശിപ്പിച്ചത്.

പ്രദേശങ്ങളെ സുരക്ഷിതം, മുന്നറിയിപ്പ്, അപകടം എന്നിങ്ങനെ തരംതിരിച്ചാണ് പഠനം നടത്തിയത്. ഇതില്‍ 90 ശതമാനവും അപകടമേഖലയാണ്.

അപകട മേഖലയില്‍ കടല, ചെറുപയര്‍, ചതുരപ്പയര്‍ എന്നിവ മുളപ്പിച്ചായിരുന്നു പരീക്ഷണം. വളര്‍ന്ന തൈകള്‍ റേഡിയേഷന്‍ ബാധിച്ച് നശിച്ചു. സുരക്ഷിതമേഖലയിലുള്ളത് എളുപ്പത്തില്‍ വളരുകയും ചെയ്തു.

മൊബൈല്‍ ഫോണില്‍ നിന്നുമാത്രമല്ല, ടവര്‍, ടി.വി.എഫ്.എം. ടവര്‍, മൈക്രോവേവ് ഓവന്‍ തുടങ്ങിയവയില്‍ നിന്നും റേഡിയേഷന്‍ ഉണ്ടാവുന്നതും കണ്ടെത്തി.

റേഡിയേഷന്‍ ഇല്ലാത്ത മൊബൈല്‍ ഫോണ്‍ ആന്റിന രൂപകല്പന ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്ന് വിജേഷ് പറഞ്ഞു. കമ്പളക്കാട് കാവുംമൂട്ടില്‍ രാമചന്ദ്രന്റെയും രാധയുടെയും മകനാണ് വിജേഷ്.

കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇലക്‌ട്രോണിക്‌സില്‍ ബിരുദാനന്തര ബിരുദം നേടി 'സ്വദേശി സയന്‍സ് മൂവ്‌മെന്റ്' എന്ന എന്‍.ജി.ഒ യിലാണ് വിജേഷും ഹൃദ്യയും ജോലി ചെയ്യുന്നത്. എറണാകുളം തൃക്കാക്കര ഇന്ദു ശ്രീയില്‍ വി. ബാലചന്ദ്രകുറുപ്പിന്റെയും ഇന്ദിയാര്‍കുട്ടിയമ്മയുടെയും മകളാണ് ഹൃദ്യ.

Share this

0 Comment to "മൊബൈല്‍ റേഡിയേഷന്‍ കൂടുതല്‍ കൊച്ചിയില്‍"

Post a Comment