Friday 31 January 2014

'ചായില്യ'ത്തിലെ ഗൗരി

അനുമോളുടെ പേരു പറയുമ്പോള്‍ സിനിമക്കാര്‍ക്കിടയില്‍ പോലും പലരും അതാരാണെന്ന ഭാവത്തില്‍ പുരികം വളയ്ക്കും. അനുമോള്‍ അവതരിപ്പിച്ച ചില കഥാപാത്രങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നതോടെ, 'ഓ, അവരോ' എന്ന തിരിച്ചറിവില്‍ മുഖം പ്രകാശിക്കും.
കഥാപാത്രങ്ങളിലൂടെ അറിയപ്പെടുക എന്നത് ഏതൊരു അഭിനേതാവിനെ സംബന്ധിച്ചും അഭിമാനാര്‍ഹമായ കാര്യമാണ്. അനുമോളുടെ കാര്യത്തില്‍ ഇങ്ങനെ അഭിമാനിക്കാന്‍ ഏറെയുണ്ട്. അനുമോള്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ എണ്ണത്തില്‍ കുറവാണെങ്കിലും ഗുണത്തില്‍ സമ്പന്നമാണ്. പ്രേക്ഷക മനസ്സില്‍ മായാതെ നില്‍ക്കുന്നവ.

'ഇവന്‍ മേഘരൂപനി'ല്‍ തങ്കമണി എന്ന തനി ഗ്രാമീണ പെണ്‍കുട്ടിയായി എത്തി യ അനുമോള്‍ 'വെടിവഴിപാടി'ല്‍ സുമിത്ര എന്ന ലൈംഗിക തൊഴിലാളിയായി നിറഞ്ഞാടി. 'അക'ത്തിലെ രാഗിണി, 'ഡേവിഡ് ആന്റ് ഗോലിയാത്തി'ലെ ദീപ... ശ്രദ്ധേയമായ വേഷങ്ങളുടെ നിരയിലേക്ക് ഇപ്പോള്‍ 'ചായില്യ'ത്തിലെ ഗൗരിയും എത്തിയിരിക്കുന്നു.

''വെടിവഴിപാടിന്റെ കഥയും അതിലെ കഥാപാത്രവും ഇഷ്ടമായി. പല നെഗറ്റീവ് അഭിപ്രായങ്ങളും കേള്‍ക്കുമെന്നറിഞ്ഞുകൊണ്ടുതന്നെയാണ് അത്തരമൊരു റോള്‍ ചെയ്യാന്‍ തീരുമാനിച്ചത്. സുമിത്ര എന്ന കഥാപാത്രത്തിലൂടെ പ്രശസ്ത വ്യക്തികളുള്‍പ്പെടെ ധാരാളം പേരുടെ അനുമോദനങ്ങള്‍ കിട്ടിയപ്പോള്‍ എന്റെ തീരുമാനം ശരിയായിരുന്നു എന്ന് ബോധ്യമായി.''

സെലക്ടീവാകാന്‍ കഴിയുന്നുണ്ടോ? 
തീര്‍ച്ചയായും. ഒരു താരമാകുകയല്ല എന്റെ ലക്ഷ്യം. നല്ല ചിത്രങ്ങളില്‍ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുകയെന്നതാണ്. എനിക്ക് ഇണങ്ങുന്ന വേഷങ്ങളേ ഞാന്‍ സ്വീകരിക്കുകയുള്ളൂ. വെറുതെ ചുറ്റിക്കറങ്ങുന്ന നായികാവേഷത്തില്‍ ഭ്രമമില്ല. മികച്ച ടെക്‌നീഷ്യന്മാരുടെ ചിത്രങ്ങളില്‍ അഭിനയിക്കുകയെന്നതു തന്നെയാണ് ഞാന്‍ ലക്ഷ്യം വെക്കുന്നത്. ഇതുവരെ ചെയ്ത വേഷങ്ങളെല്ലാം പ്രേക്ഷകര്‍ക്കും മറ്റും ഇഷ്ടപ്പെട്ടവയാണ്. അതിനുപരി എനിക്ക് വളരെ ഇഷ്ടപ്പെട്ടതാണ്.

അനുമോളുടെ കഥാപാത്രങ്ങള്‍ പലപ്പോഴും ചര്‍ച്ചാവിഷയമാകാറുണ്ടല്ലോ.
എന്റെ ഭാഗ്യം. 'മേഘ രൂപനി'ലെ തങ്കമണി, 'അക'ത്തിലെ രാഗിണി, 'വെടിവഴിപാടി'ലെ സുമിത്ര തുടങ്ങിയ കഥാപാത്രങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു. മാത്രമല്ല, അവാര്‍ഡ് നിശ്ചയിക്കുന്ന വേളകളില്‍ കഥാപാത്രങ്ങള്‍ അവസാനംവരെ പരിഗണിക്കപ്പെടുന്നുണ്ട്. എന്നെക്കാള്‍ കൂടുതലായി കഥാപാത്രങ്ങള്‍ ചര്‍ച്ചാവിഷയമാകുന്നുണ്ട്. റിലീസാകുന്ന 'ചായില്യ'ത്തിലെ ഗൗരിയും ശക്തമായ കഥാപാത്രമാണ്.

'ചായില്യ'ത്തെക്കുറിച്ച് പറയാമോ? 
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ് 'ചായില്യ'ത്തിലെ ഗൗരി. മലയ സമുദായക്കാരിയായ ഗൗരി ഏറെ പ്രതീക്ഷയോടെയാണ് വണ്ണാന്‍ സമുദായക്കാരനായ കാമുകന്‍ കണ്ണനോടൊപ്പം ഒളിച്ചോടുന്നത്. എന്നാല്‍ കണ്ണന്റെ മദ്യപാനം ഗൗരിയുടെയും എട്ടു വയസ്സുള്ള മകന്റെയും ജീവിതം നരകമാക്കുന്നു. ആത്മസംഘര്‍ഷം നിറഞ്ഞ് മനോനില തെറ്റുന്ന ഗൗരി വളരെ ശക്തമായ കഥാപാത്രമായിരിക്കും. തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ മനോജ് കാനയാണ് 'ചായില്യം' സംവിധാനം ചെയ്യുന്നത്.

ഒരു അഭിനേത്രി എന്ന നിലയില്‍ എന്താണ് ലക്ഷ്യം? 
സ്വയം അഭിമാനിക്കാവുന്ന രീതിയില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് അംഗീകാരം നേടുക. മികച്ച കലാകാരന്മാരോടൊപ്പം നല്ല ചിത്രങ്ങളില്‍ അഭിനയിക്കുക. എണ്ണമല്ല, മികച്ച കഥാപാത്രങ്ങളാണ് ലക്ഷ്യം. എന്നുവെച്ച് ആര്‍ട്ട് സിനിമ മാത്രമല്ല്‌ള ഉദ്ദേശിക്കുന്നത്.

പുതിയ ചിത്രങ്ങള്‍? 
'ചായില്യം' ഇപ്പോള്‍ തിയേറ്ററിലെത്തി. കരീമിന്റെ 'പറയാന്‍ ബാക്കിവെച്ചത്', അനില്‍ തോമസിന്റെ 'മരം പെയ്യുമ്പോള്‍' എന്നിവ പ്രദര്‍ശനത്തിന് തയ്യാറായി നില്‍ക്കുന്നു.

Share this

0 Comment to "'ചായില്യ'ത്തിലെ ഗൗരി"

Post a Comment