Wednesday 29 January 2014

സ്‌മാർട്ട് എസ്.എം.എസ്: കാമ്പസിൽ മുളച്ച ഐഡിയ കൊണ്ടുവന്ന ഭാഗ്യം

തിരുവനന്തപുരം: എൻജിനിയറിംഗ് അവസാന വർഷത്തെ പ്രോജക്ടിന് ഒരു കിടിലൻ ഐഡിയ വേണം. കാസർകോട് എൽ.ബി.എസ് എൻജിനിയറിംഗ് കോളേജിലെ കൂട്ടുകാരായ ദീപക് രവീന്ദ്രൻ, അഭിനവ് ശ്രീ, മുഹമ്മദ് ഹിസാമുദ്ദീൻ, അശ്വിൻനാഥ് എന്നിവർ ഒന്നിച്ചിരുന്ന് തലപുകച്ചു. ഒടുവിൽ ബൾബ് കത്തി. എസ്. എം. എസിലൂടെ ഇന്റർനെറ്റിൽ സെർച്ച് ചെയ്യാനായാൽ എന്ത് രസമായിരിക്കും. ഉടൻ പണി തുടങ്ങി. എസ്.എം.എസ് ഗ്യാൻ എന്ന പ്രോജക്‌ട് സംഗതി കാമ്പസിൽ ഹിറ്റ്.

അപ്പോഴാണ് ദീപക്കിന്റെയും മുഹമ്മദ് ഹിസാമുദ്ദീന്റെയും മനസിൽ മറ്റൊരു ലഡു പൊട്ടിയത്. പ്രോജക്‌ടിന് സ്‌മാർട്ട് എസ്.എം.എസ് എന്ന് പേരിട്ട് കാമ്പസിൽ നിന്ന് അവർ നേരെ ബിസിനസിലേക്കിറങ്ങി.
പക്ഷേ, കമ്പനി തുടങ്ങാൻ കാശ് വേണം. പല വാതിലിലും മുട്ടി. പിള്ളേര് കളിയാണെന്ന് പറഞ്ഞ് പലരും മുഖം തിരിച്ചു. പക്ഷേ, ഈ പിള്ളേര് തളർന്നില്ല. വീണ്ടും വീണ്ടും മുട്ടിക്കൊണ്ടിരുന്നു. ഒടുവിൽ ഒരു വാതിൽ തുറന്നു. സീഡ് ഫണ്ടിലെ മഹേഷ് മൂർത്തി. അഹമ്മദാബാദ് ഐ.ഐ.എമ്മിന്റെയും ടെക്നോപാർക്ക് ടെക്നോളജി ഇൻകുബേഷൻ യൂണിറ്റിന്റെയും കൂടി കൈത്താങ്ങ് ലഭിച്ചതോടെ ബിസിനസ് പച്ചപിടിച്ചു. 2012-13ലെ കണക്കനുസരിച്ച് 12 കോടിയാണ് ഇവരുടെ കമ്പനിയായ ഇന്നോസ് ടെക്നോളജീസിന്റെ ലാഭം. ഏറ്റവും വലിയ ഓഫ്‌ലൈൻ സെർച്ച് എൻജിൻ എന്ന നേട്ടവുമായി ലിംക ബുക്ക് ഒഫ് റെക്കാഡ്സിലും ഇടം പിടിച്ചു. ഇപ്പോൾ വളർച്ചയുടെ പടവുകൾ കയറി വിദേശത്തും സ്ഥാനമുറപ്പിച്ചു ഇന്നോസ്.
"2008 സെപ്‌തംബറിലാണ് കമ്പനി തുടങ്ങിയത്. ഞങ്ങളുടെ സ്‌മാർട്ട് എസ്.എം.എസ് സംവിധാനത്തിലൂടെ ഫേസ് ബുക്ക്, ട്വിറ്റർ, ഇ മെയിൽ എന്നിവയും പരിശോധിക്കാനാവും. ദുബായ്, ശ്രീലങ്ക, പാകിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിലെല്ലാം ഞങ്ങളുടെ സേവനം ലഭ്യമാണ്. ആഫ്രിക്കയിലേക്കും കടക്കാനൊരുങ്ങുകയാണ്. ഈ മേഖലയിൽ ഞങ്ങൾക്ക് എതിരാളികളില്ലെന്നതാണ് നേട്ടം. മൂന്ന് ലക്ഷം രൂപയുമായാണ് തുടങ്ങിയത്. ക്ളിക്കായതോടെ വിവിധ ഏജൻസികളിൽ നിന്ന് ധനസഹായം കിട്ടി. ഇപ്പോൾ 12 കോടി ഉപഭോക്താക്കൾ സ്‌മാർട്ട് എസ്.എം.എസ് സേവനം പ്രയോജനപ്പെടുത്തുന്നു. ഇതിന്റെ വികസിത രൂപമായ ബ്രൗണി ആണ് ഞങ്ങളുടെ പുതിയ സേവനം.' ഇന്നോസ് സി.ഇ.ഒ ദീപക് രവീന്ദ്രൻ പറഞ്ഞു. മുഹമ്മദ് ഹിസാമുദ്ദീൻ ആണ് കമ്പനിയുടെ ചീഫ് ടെക്നിക്കൽ ഓഫീസർ.


 സ്‌മാർട്ട് എസ്.എം.എസ് ?
ഇന്റർനെറ്റ് കണക്‌ഷൻ ഇല്ലാത്ത മൊബൈൽ ഫോണുകളിലേക്ക് ഇന്റർനെറ്റിൽ നിന്ന് വിവരം എസ്.എം.എസിലൂടെ ലഭ്യമാക്കുന്ന സേവനമാണ് സ്മാർട്ട് എസ്.എം.എസ്. ഏത് വിവരമാണോ വേണ്ടത് അത് ടൈപ്പ് ചെയ്ത് 55444 എന്ന നമ്പരിലേക്ക് മെസേജ് അയച്ചാൽ മതി. ഇന്റർനെറ്റിൽ പരതി ഉത്തരം കണ്ടെത്തി തിരിച്ച് മെസേജ് അയച്ചു തരും.

Share this

0 Comment to "സ്‌മാർട്ട് എസ്.എം.എസ്: കാമ്പസിൽ മുളച്ച ഐഡിയ കൊണ്ടുവന്ന ഭാഗ്യം "

Post a Comment