Thursday 30 January 2014

രാജ്യത്ത് മൊബൈല്‍ കരുത്തില്‍ ഇന്റര്‍നെറ്റ് കുതിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ പേര്‍ മൊബൈല്‍ ഫോണുകളിലൂടെ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങിയതോടെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം വന്‍ തോതില്‍ ഉയര്‍ന്നു. 2014 ഓടെ രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 24.3 കോടിയാകുമെന്നാണ് 'ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ'യുടെ അനുമാനം.

2013 ജൂണ്‍ അവസാനം രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 19 കോടി ആയിരുന്നു. 28 ശതമാനം വളര്‍ച്ചയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 42 ശതമാനമായിരുന്നു വളര്‍ച്ച. 2012 ജൂണില്‍ 15 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളായിരുന്നു ഉണ്ടായിരുന്നത്.

മൊത്തം ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 13 കോടി ആളുകളും മൊബൈല്‍ ഫോണിലൂടെയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ എത്തുന്നത്. 2012 ല്‍ ഇത് 6.8 കോടി മാത്രമായിരുന്നു. ഈ വര്‍ഷം മൊബൈലിലൂടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 18.5 കോടിയാകുമെന്നാണ് 'അസോസിയേഷ'ന്റെ കണക്കുകൂട്ടല്‍.

ഇന്റര്‍നെറ്റ് ഉപയോഗം വന്‍തോതില്‍ ഉയര്‍ന്നതോടെ അനുബന്ധമായി ഏതാനും വ്യവസായ മേഖലകളും വളര്‍ച്ച പ്രാപിക്കുകയാണ്. ഇ-കൊമേഴ്‌സ്, ഡിജിറ്റല്‍ പരസ്യം എന്നീ മേഖലകളാണ് ഇവ.

ഇ-കൊമേഴ്‌സ് വിപണി 2007 ഡിസംബറില്‍ 8,146 കോടി മാത്രമായിരുന്നത് 2012 അവസാനത്തോടെ 47,349 കോടി രൂപയുടെതായി വളര്‍ന്നു. 2013 അവസാനിച്ചപ്പോള്‍ ഇത് 62,967 കോടി രൂപയിലെത്തി.

ഓണ്‍ലൈന്‍ അഡ്വര്‍ടൈസിങ് വിപണിയാകട്ടെ, 2014 മാര്‍ച്ചോടെ 2,938 കോടി രൂപയുടേതായി ഉയരുമെന്നാണ് കണക്കാക്കുന്നത്.

Share this

0 Comment to "രാജ്യത്ത് മൊബൈല്‍ കരുത്തില്‍ ഇന്റര്‍നെറ്റ് കുതിക്കുന്നു"

Post a Comment