Wednesday 29 January 2014

ടോട്ടനമിനെ തകര്‍ത്ത് സിറ്റി മുന്നില്‍ , ചെല്‍സിക്ക് സമനില

ലണ്ടന്‍ : ടോട്ടനം ഹോട്‌സ്പറിന്റെ വലില്‍ ഗോള്‍ നിറച്ച് മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആഴ്‌സനലില്‍ നിന്ന് ലീഡ് തിരിച്ചുപിടിച്ചു. അഞ്ചാം സ്ഥാനത്തുള്ള ടോട്ടനമിനെ ഒന്നിനെതിരെ അഞ്ചു ഗോളിന് തകര്‍ത്താണ് സിറ്റി ആഴ്‌സനലിനു മേല്‍ ഒരു പോയിന്റിന്റെ ലീഡ് നേടിയത്. 23 കളികളില്‍ നിന്ന് സിറ്റിക്ക് 53 ഉം ആഴ്‌സനലിന് 52 ഉം പോയിന്റാണുള്ളത്. ഒന്നാം സ്ഥാനത്തേയ്ക്ക് കുതിക്കാന്‍ ശ്രമിച്ച ചെല്‍സിക്ക് വിനയായത് വാലറ്റക്കാരായ വെസ്റ്റ്ഹാമിനോട് വഴങ്ങേണ്ടിവന്ന ഗോള്‍രഹിത സമനിലയാണ്. ചെല്‍സി 49 പോയിന്റുമായി മൂന്നാം സ്ഥാനത്തു തന്നെയാണ്. 18 പോയിന്റുള്ള വെസ്റ്റ്ഹാം ഇപ്പോള്‍ പത്തൊന്‍പതാം സ്ഥാനത്താണ്. കാര്‍ഡിഫ് സിറ്റി മാത്രമാണ് അവരുടെ പിറകില്‍ .

ടോട്ടനമിന് കളിയില്‍ ഒരവസരവും നല്‍കാതിരുന്ന സിറ്റിയുടെ സ്‌കോറിങ്ങിന് തുടക്കമിട്ടത് 15-ാം മിനിറ്റില്‍ അഗ്യുറോയാണ്. പിന്നീട് യായാ ടൗറി, സെക്കോ, യൊവെറ്റിക്, കോപെനി എന്നിവരും ലക്ഷ്യം കണ്ടു. കപോയുടെ വകയായിരുന്നു ടോട്ടനമിന്റെ ആശ്വാസഗോള്‍ . ടോട്ടനമിന് 43 പോയിന്റാണുള്ളത്.

മറ്റു മത്സരങ്ങളില്‍ ആസ്റ്റന്‍ വില്ല വെസ്റ്റ് ബ്രോംവിച്ചിനെ മൂന്നിനെതിരെ നാലു ഗോളിനും സണ്ടര്‍ലന്‍ഡ് സ്‌റ്റോക്ക് സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിനും തോല്‍പിച്ചു. ഈ ജയത്തോടെ വില്ല 27 പോയിന്റുമായി ഒരു സ്ഥാനം മുകളില്‍ കയറി പത്താം സ്ഥാനത്തെത്തി. സണ്ടര്‍ലന്‍ഡ് 21 പോയിന്റുമായി പതിനേഴാം സ്ഥാനത്തുമെത്തി.

വില്ലയ്ക്കുംവേണ്ടി വെയ്മാന്‍ , ബകുന, ഡെല്‍ഫ്, ബെറ്റെകെ എന്നിവരും വെസ്റ്റ്‌ബ്രോംവിച്ചിനുവേണ്ടി ബ്രണ്ടും മുലുംബുവും ലക്ഷ്യം കണ്ടു. ഒരു ഗോള്‍ ഡെല്‍ഫിന്റെ സെല്‍ഫ് ഗോളാണ്. പതിനേഴാം മിനിറ്റില്‍ ജോണ്‍സണ്‍ നേടിയ ഗോളിനാണ സണ്ടര്‍ലന്‍ഡ് സ്‌റ്റോക്ക് സിറ്റിയെ വീഴ്ത്തിയത്.

Share this

0 Comment to "ടോട്ടനമിനെ തകര്‍ത്ത് സിറ്റി മുന്നില്‍ , ചെല്‍സിക്ക് സമനില"

Post a Comment