Friday 31 January 2014

പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നു; രക്ഷിതാക്കള്‍ നെട്ടോട്ടത്തില്‍

ഷാര്‍ജ: യു.എ.ഇ.യില്‍ പുതിയ സ്‌കൂള്‍ അധ്യയനവര്‍ഷം ആരംഭിക്കാനിരിക്കെ രക്ഷിതാക്കള്‍ പ്രവേശനംതേടി പരക്കംപാച്ചില്‍ തുടങ്ങി. കെ.ജി. ക്ലാസ്സുകളിലേക്കും ഒന്നാം ക്ലാസ്സിലേക്കുമുള്ള പ്രവേശനത്തിനാണ് ഏറെ തിരക്ക്.

ഫീസും മറ്റ് ചെലവും താരതമ്യേന കുറവുള്ള ഇന്ത്യന്‍ സ്‌കൂളുകളിലേക്കാണ് അപേക്ഷകരുടെ തള്ളിക്കയറ്റം. ആകെയുള്ള സീറ്റിന്റെ പത്തിരട്ടിയാണ് മിക്ക സ്ഥലത്തും അപേക്ഷകര്‍. പലസ്ഥലത്തും നറുക്കെടുപ്പിലൂടെയാണ് അപേക്ഷകരില്‍നിന്ന് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞദിവസം അബുദാബി ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന പ്രവേശനത്തില്‍ തൊണ്ണൂറ് കുട്ടികളെയാണ് നറുക്കെടുപ്പിലൂടെ കണ്ടെത്തിയത്. മൂവായിരത്തിലേറെ അപേക്ഷകരാണ് ഇവിടെ ഉണ്ടായിരുന്നത്.

മിക്ക എമിറേറ്റുകളിലും ഒന്നാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിന്റെ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാനദിവസവും കഴിഞ്ഞു. ഏപ്രില്‍ മാസത്തോടെ പുതിയ അധ്യയനവര്‍ഷം ആരംഭിക്കും. ഏറ്റവും കൂടുതല്‍ പ്രവാസജനവാസമുള്ള ഷാര്‍ജയില്‍ സാധാരണക്കാരായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഏക ആശ്രയം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്‌കൂള്‍ മാത്രമാണ്. മറ്റ് സ്‌കൂളുകളെ അപേക്ഷിച്ച് യു.എ.ഇ.യിലെ ഏറ്റവും കുറവ് ഫീസ് ഈടാക്കുന്ന വിദ്യാലയം കൂടിയാണ് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍. താഴ്ന്ന വരുമാനക്കാരായ രക്ഷിതാക്കള്‍ക്ക് അതുകൊണ്ടുതന്നെ ഇതൊരു വലിയ അനുഗ്രഹമാണ്.

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ കെ.ജി. ഒന്നിലേക്കുള്ള പഠനത്തിന് 366 ദിര്‍ഹം മാത്രമാണ് ഒരു വിദ്യാര്‍ഥിയില്‍നിന്ന് വര്‍ഷത്തില്‍ ഈടാക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു. കൂടാതെ ബസ് ചാര്‍ജായി ശരാശരി ദൂരത്തിന് 120 ദിര്‍ഹവും. വര്‍ഷത്തില്‍ മറ്റ് ചാര്‍ജുകള്‍ ഒന്നും ഈടാക്കുന്നുമില്ല. ഒരു കുട്ടി ഇവിടെ പഠിക്കുന്നുവെങ്കില്‍ അതേ കുടുംബത്തിലെ അടുത്ത വിദ്യാര്‍ഥിക്കും സാധാരണനിലയില്‍ മുന്‍ഗണനയുടെ അടിസ്ഥാനത്തില്‍ ഇവിടെതന്നെ പ്രവേശനം ലഭിക്കാറുണ്ട്. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍തന്നെ താരതമ്യേന ഫീസ് കുറഞ്ഞിട്ടും അതുപോലും കൃത്യമായി അടയ്ക്കാന്‍ സാധിക്കാത്ത രക്ഷിതാക്കള്‍ ഉണ്ടാകാറുണ്ട്, അവര്‍ക്ക് അവരുടെ ദയനീയാവസ്ഥ മനസ്സിലാക്കി ചില ആനുകൂല്യങ്ങള്‍ അസോസിയേഷന്‍ മാനേജ്‌മെന്‍റ് അനുവദിക്കാറുണ്ട്. പക്ഷേ, ഇവിടെയും സീറ്റുകളുടെ കാര്യമാണ് കീറാമുട്ടി. ഒരു ക്ലാസ്സില്‍ പരമാവധി 25 കുട്ടികളെ മാത്രമേ പ്രവേശിപ്പിക്കാന്‍ ഷാര്‍ജ വിദ്യാഭ്യാസ മന്ത്രാലയം അനുവദിക്കുകയുള്ളൂവെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇപ്രാവശ്യം എത്ര സീറ്റുകള്‍ ഉണ്ടാകും എന്ന് ഇതുവരെ നിജപ്പെടുത്തിയിട്ടില്ലെന്നും രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ നിരവധി വിദ്യാര്‍ഥികള്‍ക്ക് ഇവിടെ അവസരം നഷ്ടമാകുകയാണ് പതിവ്.

ഇപ്രാവശ്യം കൃത്യമായി നാല് വയസ്സ് പൂര്‍ത്തിയായ കുട്ടികളെ മാത്രമേ കെ.ജി. ഒന്നില്‍ പ്രവേശിപ്പിക്കുകയുള്ളൂ. അല്ലാതെയുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കില്ല. അല്ലാത്ത കുട്ടികളെ നഴ്‌സറി സ്‌കൂളുകളില്‍ ചേര്‍ക്കേണ്ടിവരും. വിദ്യാര്‍ഥികളുടെ അപേക്ഷകളില്‍ വലിയൊരു ശതമാനം നറുക്കെടുപ്പിലൂടെയാണ് പ്രവേശനം തീരുമാനിക്കുന്നത്. ഏതാനും ഭാഗ്യശാലികള്‍ക്ക് മാത്രമായി ഈ അവസരം ലഭിക്കുമ്പോള്‍ മറ്റുള്ളവര്‍ നിരാശരായി മറ്റ് സ്വകാര്യ സ്‌കൂളുകളെ സമീപിക്കുകയാണ് പതിവ്. എന്നാല്‍, അവിടെയും സീറ്റുകള്‍ ലഭിക്കാത്ത അവസ്ഥ ഉണ്ടാകുന്നു. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ മൊത്തം സീറ്റുകളില്‍ നിശ്ചിത ശതമാനം അസോസിയേഷന്‍ മാനേജിങ് കമ്മിറ്റിക്കുവേണ്ടി നീക്കിവെക്കുന്നു. പരിമിതമായ ആ സീറ്റുകള്‍ക്കായി കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെയും മറ്റും ശുപാര്‍ശക്കത്തുകള്‍ പോലും ഹാജരാക്കപ്പെടുന്നു. എന്നാല്‍, തീര്‍ത്തും പാവങ്ങളായ വിദ്യാര്‍ഥികള്‍ക്കുവേണ്ടിയാണ് ഈ സീറ്റുകള്‍ നീക്കിവെക്കുന്നതെന്ന് പ്രസിഡന്‍റ് അഡ്വ. വൈ.എ. റഹീം പറയുന്നു.

മറ്റ് സ്വകാര്യ സ്‌കൂളുകളില്‍നിന്നും ഉയര്‍ന്ന ഫീസ് നിരക്കുകള്‍ കൊടുക്കാന്‍ സാധിക്കാതെ അവിടെനിന്നും ടി.സി. വാങ്ങി ഇന്ത്യന്‍ സ്‌കൂളിലേക്ക് വരുന്നവരും വര്‍ഷംതോറും കൂടിവരുന്നു. 250 ക്ലാസ് മുറികളോടുകൂടിയ പുതിയ സ്‌കൂള്‍ പണി പൂര്‍ത്തിയാകുന്നതോടെ ഷാര്‍ജയിലെ വലിയൊരളവോളം പ്രവാസി ഇന്ത്യക്കാരുടെ മക്കളുടെ വിദ്യാഭ്യാസപ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് വൈ.എ. റഹീം പറഞ്ഞു. യു.എ.ഇ.യില്‍ ഇന്ത്യന്‍ ഗവണ്‍മെന്‍റിന്റെ കീഴില്‍ സ്‌കൂളുകള്‍ ആരംഭിക്കണമെന്ന ആവശ്യം എം.കെ. രാഘവന്‍ എം.പി. പാര്‍ലമെന്‍റില്‍ ഉന്നയിച്ചെങ്കിലും അതെവിടെയുമെത്തിയില്ല.

എന്നാല്‍, മറ്റ് സ്വകാര്യ മാനേജ്‌മെന്‍റിന് കീഴിലുള്ള സ്‌കൂളുകളില്‍ ശരാശരി 600 ദിര്‍ഹം മുതല്‍ മുകളിലോട്ടാണ് ഫീസ് നിരക്കുകള്‍. കുട്ടികളുടെ വാഹന ഗതാഗതത്തിനായി 250 ദിര്‍ഹം മുതല്‍ മുകളിലോട്ട് ഈടാക്കുന്നു. മിക്ക സ്‌കൂളുകളിലും എസ്റ്റാബ്ലിഷ്‌മെന്‍റ് ഫീസിനത്തില്‍ വര്‍ഷത്തില്‍ ചുരുങ്ങിയത് ഒരു വിദ്യാര്‍ഥിക്ക് 1000 ദിര്‍ഹത്തിന് മുകളില്‍ വേറെയും കൊടുക്കണം. ഇതുപോലുള്ള സ്‌കൂളുകളില്‍ ഒരു വീട്ടില്‍നിന്നും രണ്ടും മൂന്നും കുട്ടികള്‍ പഠിക്കുമ്പോള്‍ രക്ഷിതാക്കള്‍ ഏറെ സാമ്പത്തികപ്രയാസം നേരിടുന്നു. പുസ്തകങ്ങള്‍, യൂണിഫോം തുടങ്ങിയ മറ്റ് ചെലവുകള്‍കൂടി വരുമ്പോള്‍ ശരിക്കും രക്ഷിതാക്കള്‍ ബുദ്ധിമുട്ടിലാകുന്നു. കുട്ടികളുടെ വിദ്യാഭ്യാസം നാട്ടിലെ സ്‌കൂളുകളിലേക്ക് മാറ്റുന്നത് കൂടിവരുന്നു. ഇവിടെ പഠിച്ച കുട്ടികള്‍ക്ക് പാതിയില്‍ നാട്ടിലെ വിദ്യാലയങ്ങളില്‍ പഠിക്കുന്നതിനുള്ള പ്രായോഗിക പ്രശ്‌നങ്ങള്‍ വേറെയും ഉണ്ട്.

Share this

0 Comment to "പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നു; രക്ഷിതാക്കള്‍ നെട്ടോട്ടത്തില്‍"

Post a Comment