Tuesday 28 January 2014

ഏശാതെ മത്തായിച്ചന്റെ മൂന്നാം വരവ്

നാടകാന്തം ദുരന്തം എന്നല്ല നാടകത്തിന്റെ തുടക്കം മുതല്‍ ദുരിതമെന്ന് മത്തായിച്ചന്റെ മൂന്നാം വരവിനെ ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ വിശേഷിപ്പിക്കാം. സിദ്ധിഖ് – ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന കാലാതീത സൃഷ്ടികളായിരുന്നു റാം ജി റാവു സ്‍പീക്കിങും മാന്നാര്‍ മത്തായി സ്‍പീക്കിങും. ഇതിന്റെ മൂന്നാം ഭാഗമായി മാമാസ് എന്ന സംവിധായകന്‍ ഇറക്കിയ മാന്നാര്‍ മത്തായി സ്‍പീക്കിങ് 2, ആദ്യ രണ്ടു ഭാഗങ്ങളുടെ ചേരുവാ വിന്യാസത്തില്‍ സ്ഥിരം വേലത്തരങ്ങള്‍ തന്നെയാണ് കാട്ടിക്കൂട്ടുന്നത്. പാപ്പി അപ്പച്ചായും, സിനിമാ കമ്പനിയുമായി മാമാസിന്റെ ചലച്ചിത്രപരീക്ഷണങ്ങള്‍. എന്നാല്‍ ഇത്രയുമൊക്കെയായിട്ടും സിനിമയുടെ ബാലപാഠങ്ങള്‍ പോലും മനസിലാക്കുവാന്‍ മാമാസിനു കഴിഞ്ഞിട്ടില്ലെന്നു വേണം, മത്തായിച്ചന്റെ മൂന്നാമത്തെ അവതരത്തില്‍ നിന്നു മനസിലാക്കാന്‍. കഴിഞ്ഞിട്ടില്ല, അറിയാത്ത പണിക്ക് പോവാതിരിക്കുവാനുള്ള വകതിരിവെങ്കിലും ഒരാള്‍ക്കുണ്ടാവണം. മൂന്നാം കിട നാടകത്തിന്റെ നിലവാരം പോലുമില്ലാത്ത ഒരു സാധനത്തില്‍ രചന- സംവിധാനത്തിന് തന്റെ പേരും പതിപ്പിച്ച് പുറത്തിറക്കുവാന്‍ ചെറിയ തൊലിക്കട്ടിയൊന്നും പോര.
മുകേഷ്, സായി കുമാര്‍, ഇന്നസന്റ്, ജനാര്‍ദനന്‍, വിജയരാഘവന്‍, ബിജു മേനോന്‍, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ നിയാസ് തുടങ്ങി മലയാള സിനിമയില്‍ നര്‍മ്മരംഗങ്ങളുടെ കൊട്ട്വേഷന്‍ എടുത്തിട്ടുള്ളവരാണ് ഇതില്‍ കഥാപാത്രങ്ങളായെത്തുന്നത്. ചിലരൊക്കെ വില്ലത്തരവും സ്വഭാവവേഷങ്ങളും കൈകാര്യം ചെയ്ത് കഴിവ് തെളിച്ചവര്‍. ഇവര്‍ക്കു പുറമേ അപര്‍ണ ഗോപിനാഥ്, പ്രിയങ്ക തുടങ്ങി മറ്റു ചിലരും ചിത്രത്തിലുണ്ട്. മാമാസിന്റെ കയ്യൊപ്പ് പതിഞ്ഞതിനാലാവാം ഇവരൊക്കെ ഒരു തരം ‘വസന്ത’ പിടിപെട്ട അഭിനയമാണ് കാഴ്ചവെച്ചത്. പ്രധാനമായും ഇന്നസെന്റ്, മുകേഷ്, സായി കുമാര്‍ എന്നിവരുടെ പ്രകടനം കണ്ടിറങ്ങിയപ്പോള്‍ ആദ്യം മനസില്‍ തോന്നിയത് മേരിക്കൊണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലെ ദിലീപിന്റെ സംഭാഷണമാണ്. മിശിഹാചരിത്രം സീരിയല്‍ രണ്ടാമതു തുടങ്ങുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനു ദിലീപിന്റെ മറുപടി, അതൊക്കെ ഇനി വലിയ പാടാ, ഉണ്ണീശോ വല്ലാതെ വളര്‍ന്നു വലുതായി, ഇപ്പോ രണ്ടാം ക്ലാസിലാ. അതുപോലെ മത്തായിച്ചനും സംഘവും വല്ലാതെ വളര്‍ന്നു പോയിരിക്കുന്നു. മാന്നാര്‍ മത്തായി സ്‍പീക്കിങിന്റെ കാര്‍ബണ്‍ കോപ്പി ഒരുക്കിയപ്പോള്‍ മാമാസ് ഇവരുടെ പ്രായത്തിന്റെ കാര്യം മറന്നു. പിന്നെ കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍ എന്നൊക്കെ പറയാമെങ്കിലും ഈ പ്രായത്തിലും ബാലകൃഷ്ണനും ഗോപാലകൃഷ്ണനും ലീലാവിലാസങ്ങള്‍ കൊണ്ടാടുന്നതു കാണുന്നവര്‍ക്ക് അത്രക്ക് ദഹിക്കില്ല.
മത്തായിച്ചന്റെ ഫോണ്‍വിളി മൂന്നാം ഖണ്ഡമായതുകൊണ്ടു തന്നെ താരതമ്യം ഒഴിവാക്കാനാവില്ല. ഉര്‍വശി തീയറ്റേഴ്‍സ് എന്ന നാടക സമിതി, മത്തായിച്ചന്റെ ഇടത്തുംവലത്തും ബാലകൃഷ്ണനും ഗോപാലകൃഷ്ണനും. പെണ്ണ് ഇവര്‍ക്കൊരു വീക്ക്നെസ് ആണെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. മത്തായിച്ചന്‍ പറയുന്നതുപോലെ ഒരു ചുരിദാറിന്റെ കഷ്ണം കണ്ടാല്‍ മതി വെള്ളമൊലിപ്പിച്ചുകൊണ്ടു വന്നോളും. മത്തായിച്ചന്റെ നാടകം, നടിയെ തരപ്പെടുത്തല്‍, ദുരൂഹത പൊതിഞ്ഞ് നായിക എത്തിയ ശേഷമുള്ള പ്രശ്നങ്ങള്‍, പിന്നെയൊരു തട്ടിക്കൊണ്ടുപോകല്‍, വില്ലന്റെ വരവ്, കോമഡി കൂട്ടിക്കുഴച്ച ഇടിയും തൊഴിയും, ഏറ്റവും അവസാനം ഗര്‍വാസീസ് ആശാന്റെ വക എല്ലാം പറഞ്ഞു കോംപ്ലിമെന്റ്സ് ആക്കല്‍. ഇതാണ് മാന്നാര്‍ മത്തായിയുടെ പ്ലോട്ട്. ഇതിന്റെ പക്കാ കോപ്പിയടിയാണ് ഇതിന്റെ രണ്ടാം ഭാഗം. തിരക്കഥയില്‍ മാമാസ് അറിഞ്ഞുകൊണ്ടാണോ അറിയാതെയാണോയെന്ന് അറിയില്ല, പേജുകള്‍ അങ്ങേട്ടുമിങ്ങോട്ടും മാറിയിട്ടുണ്ട്. പിന്നെ മാമാസിന്റെ വക ചെറിയ രീതിയില്‍ പഞ്ചറൊട്ടിക്കലും. ഇത്തവണ നാടകട്രൂപ്പിന് പകരം ഉര്‍വശി തീയറ്റേഴ്സ് ഒന്നു പരിഷ്കരിച്ചു. ഇന്ന് ഉര്‍വശി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സാണ്. മത്തായിച്ചനു അന്നും ഇന്നും നാടകം തന്നെ പഥ്യം. എന്നാല്‍, ഗോപാലകൃഷ്ണനും ബാലകൃഷ്ണനും നാടകമെന്നു കേട്ടാല്‍ കലിയാണ്. ഇതൊക്കെയാണെങ്കിലും മാമാസ് മാന്നാര്‍ മത്തായിയെ പഴയ ട്രാക്കിലേക്ക് എത്തിക്കുന്നത്, നാടക സമിതിയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍ നാടകംകളിക്കണമെന്ന മത്തായിച്ചന്റെ നിര്‍ബന്ധബുദ്ധിയിലൂടെയാണ്. പിന്നെ കഥ പഴയതുപോലെ. നായികക്ക് വേണ്ടി പത്ര പരസ്യം. ട്രാവല്‍സിലേക്ക് ഇംഗ്ലീഷ് അറിയാവുന്ന ഡ്രൈവറേയും നാടകത്തില്‍ അഭിനയിക്കാന്‍ നടിയേയും ആവശ്യപ്പെട്ടാണ് പരസ്യം നല്‍കുന്നത്. ഡ്രൈവറായി ബേസിലും നടിയായി അപര്‍ണാ ഗോപിനാഥും എത്തുന്നു. ഇവര്‍ക്കുചുറ്റും ദുരൂഹതകളുണ്ടെന്നും ഇവരെ ചുറ്റിപ്പറ്റിയാണ് കഥാഗതിയെന്നും പ്രത്യേകിച്ച് പറയേണ്ടല്ലോ? അതിനിടയ്ക്കാണ് ഗര്‍വാസീസ് ആശാന്‍(ജനാര്‍ദനന്‍) പഴയ നടിയെ കൊണ്ടുവരുന്നത്. പിന്നെ അവിടെ പ്രശ്നം. ഇതിനിടയിലേക്ക് സൂപ്പര്‍വില്ലന്‍ മഹേന്ദ്രവര്‍മ( ബിജു മേനോന്‍)യും  പൊട്ടിവീഴുന്നു. കഴിഞ്ഞ ഭാഗത്തില്‍ ഈ വര്‍മയെ ഒരു തവണ കൊന്നതാണെങ്കിലും ഒരത്യാവശ്യം വന്നാല്‍ ജീവിപ്പിക്കാതിരിക്കാന്‍ പറ്റില്ലല്ലോ. മഹേന്ദ്രവര്‍മ ഇത്തവണ വില്ലനല്ല, കക്ഷിയും കോമഡി. മഹേന്ദ്രവര്‍മ ഒരു രാത്രി ഉര്‍വശി തിയറ്റേഴ്‌സിലേക്കു വരുന്നിടത്താണ് ആദ്യ പകുതിക്ക് കര്‍ട്ടന്‍ വീഴുന്നത്.
മാന്നാര്‍ മത്തായി സ്‍പിക്കിങ് 2 വളിച്ച അവിയല്‍ പരുവമായതുകൊണ്ട് തന്നെ സാക്ഷാല്‍ റാംജീറാവു (വിജയരാഘവന്‍)വും ഇക്കുറിയുണ്ട്. പക്ഷേ റാംജീറാവു പഴയ റാംജീറാവുല്ല, ആളങ്ങ് മാറിപ്പോയി. ഇപ്പോ കക്ഷി മാനസാന്തരം പ്രാപിച്ച് പെന്തക്കോസ്ത് സുവിശേഷകനാണ്. ഇതിനു മുമ്പ് പല ചിത്രങ്ങളിലും സുവിശേഷ പ്രഘോഷകരെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്രയേറെ ഒരു മത,വിശ്വാസ സമൂഹത്തെ അവഹേളിക്കുന്ന ഒരു സിനിമ മലയാളത്തില്‍ ഉണ്ടായിട്ടില്ല. ഒരാള്‍ക്ക് മറ്റൊരാളുടെ വിശ്വാസരീതികള്‍ ചിലപ്പോള്‍ തമാശയായും അന്ധവിശ്വാസമായുമൊക്കെ തോന്നാമെങ്കിലും അതിനെ പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ട ധാര്‍മികത ആര്‍ക്കുമില്ല. ഒരു സമൂഹത്തിന്റെ ആചാരരീതികളെ ഇത്രത്തോളം അപഹസിക്കാന്‍ സങ്കുചിതമായ ഒരു മനസിന്റെ ഉടമയ്ക്കേ കഴിയൂ. വഴിയോരത്ത് സുവിശേഷം പ്രസംഗിക്കുന്നവവരെ പരിഹസിക്കുന്ന ചിത്രങ്ങള്‍ ഇതിനു മുമ്പ് ഇറങ്ങിയിട്ടുണ്ടെങ്കിലും അവര്‍ പ്രതികരിക്കാത്തതാവാം മാമാസിനെ പോലെയുള്ളവര്‍ ഇത്തരം ആഭാസങ്ങള്‍ ആവര്‍ത്തിക്കാന്‍ ധൈര്യപ്പെടുന്നത്. അത്രത്തോളം നിലവാരത്തകര്‍ച്ചയുള്ള ചവറു കോമഡിക്കാണ് വിജയരാഘവന്റെ റാംജിറാവുവിനേയും കലാഭവന്‍ ഷാജോണിന്റെ എസ്.ഐയേയും മമാസ് ഉപയോഗിക്കുന്നത്.
ചുരുക്കത്തില്‍, ഒരു സിനിമയെന്ന രീതിയിലുള്ള വിലയിരുത്തലോ വിശേഷമെഴുത്തോ അര്‍ഹിക്കാത്ത, സിനിമയെ സ്‌നേഹിക്കുന്നവര്‍ പേരു പോലും ഉച്ചരിക്കരുതാത്ത മൂന്നാം കിട സാധനം. മാമാസിന്റെ ഒരു ചിത്രവും ഇനി ജീവിതത്തില്‍ കാണേണ്ടി വരരുതേ എന്ന പ്രാര്‍ത്ഥനയോടെ മാത്രമേ പ്രേക്ഷകര്‍ക്ക് തിയേറ്റര്‍ വിടുവാന്‍ കഴിയൂ. 'നീതിക്കു വേണ്ടി പീഢനം അനുഭവിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, എന്തെന്നാല്‍ സ്വര്‍ഗരാജ്യം അവര്‍ക്കുള്ളതാവുന്നു', ഈ വചനം അനുസരിച്ചാണെങ്കില്‍ 'മത്തായിച്ചന്റെ സുവിശേഷം' കണ്ടവരോളം ഭാഗ്യം ചെയ്തവര്‍ ഭൂമിയില്‍ വേറെയുണ്ടാവില്ല!.
മുന്നറിയിപ്പ്(നിയമപ്രകാരമല്ല) : മത്തായിച്ചന്റെ വികൃതികള്‍ കണ്ട ക്ഷീണത്തില്‍ തീയറ്ററിനു പുറത്തിറങ്ങിയപ്പോള്‍ കേട്ട ഒരു കമന്റ് , എന്റെ മാമാ കൊല്ലാമായിരുന്നില്ലേ... ഇതിലും ഭേദം അതായിരുന്നു.

Share this

0 Comment to "ഏശാതെ മത്തായിച്ചന്റെ മൂന്നാം വരവ്"

Post a Comment