Wednesday 29 January 2014

ഫിലിം ക്രിട്ടിക്സ് പുരസ്കാരം: ദൃശ്യം മികച്ച ചിത്രം, മോഹന്‍ലാല്‍ മികച്ച നടന്‍

കൊച്ചി: കഴിഞ്ഞവര്‍ഷത്തെ അറ്റ്‌ലസ് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യമാണ് മികച്ച ചിത്രം. ഇതിനു പുറമേ സംവിധായകനുള്ള പുരസ്കാരവും ജിത്തുജോസഫിലൂടെ ദൃശ്യത്തിന് ലഭിച്ചു. ദൃശ്യത്തിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്ത അയാളാണ് മികച്ച രണ്ടാമത്തെ ചിത്രം. നടന്‍, ഇംഗ്ലീഷ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് രമ്യാ നമ്പീശന്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. ഇംഗ്ലീഷ്, വസന്തത്തിന്റെ കനല്‍വഴികള്‍ എന്നീ ചിത്രങ്ങളിലൂടെ മുകേഷ് മികച്ച രണ്ടാമത്തെ നടനും കഥവീട് എന്ന ചിത്രത്തിലൂടെ മല്ലിക മികച്ച രണ്ടാമത്തെ നടിയുമായി.

കെ.ആര്‍. വിജയയ്ക്കാണ് ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള ചലച്ചിത്ര രത്‌നം പുരസ്‌കാരം. നടന്മാരായ ടി.ജി. രവി, മാള അരവിന്ദന്‍, സംഗീത സംവിധായകന്‍ എ.ജെ. ജോസഫ് എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം സമ്മാനിക്കും. ആമേന്‍ മികച്ച ജനപ്രിയ ചിത്രമായും ഫിലിപ്‌സ് ആന്റ് മങ്കിപെന്‍ ആണ് മികച്ച ബാല ചിത്രമായും തെരഞ്ഞെടുത്തു. ഫിലിപ്‌സ് ആന്റ് മങ്കിപെന്നിലൂടെ സനൂപ് സന്തോഷ് മികച്ച ബാലതാരമായി. ഓഗസ്റ്റ് ക്ലബിലൂടെ പി. അനന്തപദ്മനാഭന്‍ മികച്ച തിരക്കഥാകൃത്തായി. നടനിലെ ഗാനങ്ങളിലൂടെ പ്രഭാ വര്‍മ്മയും ഡോ. മധു വാസുദേവനും മികച്ച ഗാനരചനയയ്ക്കുള്ള പുരസ്‌കാരം നേടി. ഒറീസയിലെ ഗാനങ്ങള്‍ക്കി ഈണമിട്ട രതീഷ് വേഗയാണ് സംഗീത സംവിധായകന്‍. ദൃശ്യം, ഇമ്മാനുവേല്‍ എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ നജീം അര്‍ഷാദിന് മികച്ച ഗായകനുള്ള പുരസ്‌കാരത്തിനും സക്കറിയായുടെ ഗര്‍ഭിണിയിലെ ഗാനം ജ്യോത്സനയെയും മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരത്തിനും അര്‍ഹരാക്കി.

സജിന്‍ ബാബു (അസ്തമയം വരെ), അബിന്‍ ജേക്കബ് (തോംസണ്‍ വില്ല), കൃഷ്ണജിത്ത് എസ്. വിജയന്‍ (ഫഌറ്റ് നമ്പര്‍ ഫോര്‍ ബി), വിനോദ് കുമാര്‍ (ടെസ്റ്റ് പേപ്പര്‍) എന്നിവര്‍ മികച്ച നവാഗത സംവിധായകര്‍ക്കുള്ള പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടു. ഛായാഗ്രാഹകന്‍-ഉദയന്‍ അമ്പാടി (ഇംഗ്ലീഷ്), ചിത്രസംയോജകന്‍-സോബിന്‍ കെ. സോമന്‍ (അയാള്‍), ശബ്ദലേഖകന്‍- തപസ് നായിക്( നടന്‍), കലാസംവിധായകന്‍-സാബുറാം (മെമ്മറീസ്, ദൃശ്യം), നവാഗത പ്രതിഭ-നിരഞ്ജയ് (ബ്ലാക്ക് ഫോറസ്റ്റ്) എന്നിങ്ങനെയാണ് മറ്റു പുരസ്‌കാരങ്ങള്‍.

ദേശീയോദ്ഗ്രഥനം, സാമുഹ്യ പരിവര്‍ത്തന ചരിത്രം എന്നീ പ്രമേയങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ചിത്രങ്ങളായ ഒറീസ, കുന്താപുര, വസന്തത്തിന്റെ കനല്‍വഴികള്‍, പകരം എന്നിവയ്ക്ക് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിലില്‍ കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

Share this

0 Comment to "ഫിലിം ക്രിട്ടിക്സ് പുരസ്കാരം: ദൃശ്യം മികച്ച ചിത്രം, മോഹന്‍ലാല്‍ മികച്ച നടന്‍"

Post a Comment