Thursday 30 January 2014

രാജ്യത്തെ ആദ്യ മോണോറെയില്‍ സര്‍വീസ് മുംബൈയില്‍ നാളെ ഓടിത്തുടങ്ങും

മുംബൈ: നീണ്ട കാത്തിരിപ്പിനൊടുവില്‍ മുംബൈയില്‍ മോണോറെയില്‍ സര്‍വീസ് ഫിബ്രവരി ഒന്നു മുതല്‍ തുടങ്ങും. രാജ്യത്തെ ആദ്യ മോണോറെയില്‍ സര്‍വീസിന്റെ ഉദ്ഘാടനം മഹാരാഷ്ട്രാ മുഖ്യമന്ത്രി പൃഥ്വീരാജ് ചവാന്‍ ശനിയാഴ്ച വൈകിട്ട് മൂന്നിന് ചെമ്പൂരിലെ ഗാന്ധിമൈതാനത്ത് നിര്‍വഹിക്കും. ഞായറാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കായി ഈ സേവനം തുറന്നു കൊടുക്കും.

3000 കോടിയുടെ ഈ പദ്ധതി മുംബൈ മെട്രോപൊളിറ്റന്‍ റീജ്യന്‍ ഡവലപ്‌മെന്റ് അതോറിറ്റി (എം.എം.ആര്‍.ഡി.എ.) രണ്ടു ഘട്ടങ്ങളിലായിട്ടാണ് പൂര്‍ത്തി യാക്കുന്നത്. വഡാല ഡിപ്പോ മുതല്‍ ചെമ്പൂര്‍ വരെ 8.93 കിലോമീറ്റര്‍ ദൂരമുള്ള ആദ്യ ഘട്ടമാണ് ഇപ്പോള്‍ തുറക്കുന്നത്. ഈ റൂട്ടില്‍ ഭക്തി പാര്‍ക്ക്, മൈസൂര്‍ കോളനി, ഭാരത് പെട്രോളിയം, ഫെര്‍ട്ടിലൈസര്‍ ടൗണ്‍ഷിപ്പ്, ആര്‍.സി മാര്‍ഗ് ജങ്ഷന്‍ എന്നീ സ്റ്റേഷനുകളാ ണുള്ളത്. ഈ ദൂരം പിന്നിടാന്‍ 18 മിനിറ്റെടുക്കും. അഞ്ചു രൂപ മുതല്‍ 11 രൂപവരെയായിരിക്കും ടിക്കറ്റ് നിരക്ക്.

കാലത്ത് ഏഴ് മുതല്‍ വൈകിട്ട് മൂന്നു വരെ മാത്രമായിരിക്കും തുടക്കത്തില്‍ സര്‍വീസ് ഉണ്ടായിരിക്കുക. പിന്നീട് ഇത് ഏഴ് മുതല്‍ വൈകിട്ട് ഏഴു വരെയാക്കും. മൂന്നാം ഘട്ടത്തില്‍ കാലത്ത് അഞ്ചു മുതല്‍ രാത്രി 12 മണിവരെയായിരിക്കും. ആദ്യം 15 മിനിറ്റ് ഇടവേളകളിലും തുടര്‍ന്ന് ഒന്‍പത് മിനിറ്റ് ഇടവേളകളിലുമാണ് സര്‍വീസ്. 43 പൈലറ്റുകള്‍ക്കാണ് വണ്ടി ഓടിക്കാനുള്ള പരിശീലനം നല്‍കിയത്. ഇതില്‍ നാലു പേര്‍ വനിതകളാണ്.

നാലു കോച്ചുകള്‍ വീതമുള്ള ഒമ്പത് റേക്കുകള്‍(വണ്ടികള്‍) സ്ഥലത്തെത്തിയിട്ടുണ്ടെങ്കിലും നാലു റേക്കുകള്‍ക്കാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടുള്ളത്. ബാക്കി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതിനനുസരിച്ച് സര്‍വീസില്‍ ഉള്‍പ്പെടുത്തും. ഒരു വണ്ടിയില്‍ 560 പേര്‍ക്ക് യാത്ര ചെയ്യാം. 72 സീറ്റുകളാണുള്ളത്. മണിക്കൂറില്‍ 80 കിലോ മീറ്റര്‍ വേഗത്തില്‍ വരെ വണ്ടി സഞ്ചരിക്കും.

ജേക്കബ് സര്‍ക്കിള്‍ വരെയുള്ളയുള്ള പദ്ധതി(19.17 കി.മീ.) പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും നീളമുള്ള രണ്ടാമത്തെ മോണോറെയില്‍ സര്‍വീസായി ഇത് മാറും. ജപ്പാനിലെ ഓസാക മോണോറെയില്‍(23.8 കി.മീ)ആണ് ഇപ്പോഴുള്ളതില്‍ ഏറ്റവും വലുത്. ഒസാക പദ്ധതിയുടെ ചെലവ് 12,690 കോടി രൂപയാണെങ്കില്‍ മുംബൈ പദ്ധതി 3000 കോടിയാണെന്നാണ് വ്യത്യാസം.

മലേഷ്യന്‍ കമ്പനിയായ സ്‌കോമി എന്‍ജിനിയറിങ്ങും ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോയും ചേര്‍ന്നാണ് മുംബൈ മോണോ റെയില്‍ പദ്ധതി പൂര്‍ത്തിയാക്കുന്നത്. 2029 വരെ ഈ കമ്പനികള്‍ക്കായിരിക്കും ഇതിന്റെ നിയന്ത്രണം. 2009 ജനവരിയില്‍ പദ്ധതിയുടെ നിര്‍മ്മാണം തുടങ്ങുമ്പോള്‍ 2011 ഏപ്രിലില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ പലകാരണങ്ങളാല്‍ നീണ്ടു പോകുകയായിരുന്നു. 

Share this

0 Comment to "രാജ്യത്തെ ആദ്യ മോണോറെയില്‍ സര്‍വീസ് മുംബൈയില്‍ നാളെ ഓടിത്തുടങ്ങും"

Post a Comment