Thursday 30 January 2014

കോടികള്‍ സമ്മാനമടിച്ചെന്ന് മൊബൈല്‍ സന്ദേശം; മൈസൂര്‍ സ്വദേശിക്ക് നഷ്ടം ആറരലക്ഷം

മൈസൂര്‍: കോടികള്‍ സമ്മാനമടിച്ചെന്ന മൊബൈല്‍ സന്ദേശം വിശ്വസിച്ച് അതിനുപിന്നാലെ പോയ മൈസൂര്‍ സ്വദേശിയുടെ ആറരലക്ഷം നഷ്ടമായി. മൈസൂര്‍-ഹുന്‍സൂര്‍ റോഡിലെ മനുഗനഹള്ളി സ്വദേശി പി. വെങ്കിടേഷ് എന്നയാളാണ് വന്‍ തട്ടിപ്പിനിരയായത്. ഇതുസംബന്ധിച്ച് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും തട്ടിപ്പുസംഘത്തെ പറ്റി കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

ഒരാഴ്ച മുന്‍പാണ് മറ്റൊരു നമ്പറില്‍നിന്ന് 50 കോടിയോളം രൂപ സമ്മാനമായി ലഭിച്ചുവെന്നുള്ള എസ്.എം.എസ്. വെങ്കിടേഷിന് ലഭിച്ചത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു സന്ദേശം. പണം വിദേശ രാജ്യത്തുനിന്നെത്തിക്കുന്നതിനാല്‍ അതിന് ആറരലക്ഷം രൂപ ടാക്‌സ് കെട്ടണമെന്നും അത് മുന്‍കൂറായി നല്‍കണമെന്നും സന്ദേശത്തിലുണ്ടായിരുന്നു. ഇതുസംബന്ധിച്ച് മൊബൈല്‍ നമ്പരിലേക്ക് വെങ്കിടേഷ് മറുപടി അയച്ചപ്പോള്‍ പണമടക്കേണ്ട ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ ലഭിച്ചു.

ഇ-മെയിലൂടെയും വിവരങ്ങള്‍ കൈമാറി. തുടര്‍ന്ന് മൂന്നു ഘട്ടങ്ങളിലായി വിവിധ ബാങ്ക് അക്കൗണ്ട് നമ്പറുകളില്‍ തുക നിക്ഷേപിക്കുകയായിരുന്നു. രണ്ടു ദിവസത്തിനുശേഷം തുക കൈപ്പറ്റിയത് സംബന്ധിച്ച തുടര്‍തെളിവിനായി പണമടച്ചതിന്റെ ചെലാന്‍ ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ ചെന്ന കടയുടമയോട് ഇക്കാര്യങ്ങള്‍ വിശദീകരിച്ചപ്പോഴാണ് സംഭവം തട്ടിപ്പാണെന്ന് വെങ്കിടേഷിന് മനസ്സിലായത്. ഉടന്‍ തന്നെ എസ്.എം.എസ്. ലഭിച്ച മൊബൈല്‍ നമ്പറില്‍ വിളിച്ചെങ്കിലും ഒരു സ്ത്രീ ഫോണെടുത്ത ശേഷം കട്ടുചെയ്യുകയും പിന്നീടത് സ്വിച്ച് ഓഫ് ചെയ്യുകയുമായിരുന്നു. പണം ലഭിച്ചുവെന്നു കാണിച്ചുള്ള സന്ദേശവും ഇതിനോടകം ഇ-മെയിലില്‍ എത്തിയിരുന്നു. പലരുടെകൈയ്യില്‍ നിന്നുമായി കടം വാങ്ങിയാണ് വെങ്കിടേഷ് ഇത്രയും തുക അടച്ചത്.

അക്കൗണ്ട് നമ്പറും ഇ-മെയിലും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇ-മെയില്‍ അയച്ച റിസര്‍വ് ബാങ്കിന്റെ ലെറ്റര്‍ഹെഡ്ഡില്‍ ന്യൂഡല്‍ഹിയിലെ വിലാസമാണ് നല്‍കിയിരുന്നതെങ്കിലും അതേപ്പറ്റി അന്വേഷിച്ചപ്പോള്‍ അങ്ങിനെയൊരു വിലാസം ഇല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇന്ത്യയില്‍ തന്നെയുള്ള തട്ടിപ്പു സംഘങ്ങളാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് സംശയിക്കുന്നു.

Share this

0 Comment to "കോടികള്‍ സമ്മാനമടിച്ചെന്ന് മൊബൈല്‍ സന്ദേശം; മൈസൂര്‍ സ്വദേശിക്ക് നഷ്ടം ആറരലക്ഷം "

Post a Comment