Saturday 25 January 2014

മേക്കപ്പ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രമ്യ ആര്‍

ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ സൌന്ദര്യം നിലനില്‍ക്കുകയുള്ളൂ. ഒരാളുടെ സൌന്ദര്യം എന്നു പറയുന്നത് മുഖ സൌന്ദര്യം മാത്രമല്ല വ്യക്തിത്വം കൂടെയാണ് വ്യക്തമാക്കുന്നത്. മുന്‍പ് മേക്കപ്പ് എന്ന് കേള്‍ക്കുമ്പള്‍ ആദ്യം സ്ത്രീകളെ സംബന്ധിക്കുന്നത് മാത്രമായിരുന്നു, എന്നാല്‍ ഇന്ന് പുരുഷന്‍മാരും സ്ത്രീകളും ഒരുപോലെ മേക്കപ്പിന് പ്രാധാന്യം കല്‍പിക്കുന്നു. മേക്കപ്പ് ചെയ്യുന്നതിനുമുന്‍പ് അറിയേണ്ട പ്രധാന കാര്യങ്ങള്‍ ഇതാ

മേക്കപ്പ് ഒരേസമയം ലളിതവും ആകര്‍ഷണീയവും ആകണം. ഓവര്‍മേക്കപ്പ് ആയി ഒരിക്കലും തോന്നരുത്. മേക്കപ്പ് എല്ലായ്പ്പോഴും അതാത് സാഹചര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കണം. പാര്‍ട്ടികള്‍, വിവാഹ പാര്‍ട്ടികള്‍, ഔദ്യോഗിക സ്ഥലം എന്നിങ്ങനെ ഓരോ ഇടത്തും അനുയോജ്യമായ മേക്കപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്.


മുഖസംരക്ഷണത്തിന് എസ് പി എഫ് 
എസ് പി എഫ് അഥവാ സണ്‍ പ്രൊട്ടഷന്‍ ഫാക്റ്റര്‍ നമ്മുടെ ചര്‍മ്മത്തെ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ടെറ്റാനിയം ഡൈഓക്സൈഡ്, സിങ്ക് ഓക്സൈഡ് എന്നിവ സൂര്യപ്രകാശത്തില്‍ നിന്ന് വരുന്ന മാരകമായ അള്‍ട്രാവൈലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കുന്നു. ചൂട് കൂടുതല്‍ ഉള്ള സമയത്ത് സണ്‍ഗ്ലാസ് ഉപയോഗിക്കുന്നത് കണ്ണുകളുടെ സംരക്ഷണത്തിനും നല്ലതാണ്.


ടാല്‍കം പൌഡര്‍ ഒഴിവാക്കുക 
മുഖത്ത് ഉപയോഗിക്കുന്ന പൌഡര്‍ മേക്കപ്പിന്റെ അവസാന ഘട്ടമായി ഉപയോഗിക്കുന്നതാണ് . മേക്കപ്പ് ചെയ്തതിനുശേഷം അതിന് പുറത്ത് പുരട്ടുന്ന പാളിയാണ് ടാല്‍കം പൌഡര്‍. എന്നാല്‍ ടാല്‍കം പൌഡര്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്. മുഖസൌന്ദര്യത്തിന് നാം ഉപയോഗിക്കുന്ന ഇത്തരത്തിലുള്ള പൌഡറിനുപകരം നമ്മുടെ ചര്‍മ്മത്തിനനുസരിച്ചുള്ള മോയിസ്ചറൈസിങ് ക്രീം പുരട്ടുന്നതാണ് നല്ലത്. അതിന് ആദ്യം ചെയ്യേണ്ടത് നമ്മുടെ ചര്‍മ്മം എണ്ണമയമുള്ളതാണോ, വരണ്ടതാണോ എന്ന് കണ്ടുപിടിച്ച് അതിനനുസരിച്ചുള്ള മോയിസ്ചറൈസിംഗ് ക്രീം ഉപയോഗിക്കുകയാണ്.


കണ്ണുകള്‍ക്ക് ഐ ലൈനര്‍ മസ്കാര
മുഖസൌന്ദര്യം പോലെതന്നെ പ്രധാനമാണ് കണ്ണുകളുടെ സൌന്ദര്യവും. കണ്ണുകളുടെ മേക്കപ്പില്‍ പ്രധാനമായും ഉപയോഗിക്കുന്നതാണ്
ഐ ലൈനെര്‍ മസ്കാര. പെട്ടെന്ന് ചെയ്യാവുന്ന ഒരു മേക്കപ്പാണിത്, ഇത് കണ്ണുകളുടെ ഭംഗികൂട്ടുന്നു. മസ്കാരയും ഐ ലൈനറും തിരഞ്ഞെടുക്കുമ്പോള്‍ കൂടുതലായും കറുത്ത നിറമോ,കറുത്ത ബ്രൌണ്‍ നിറമോ തിരഞ്ഞെടുക്കുന്നതാകും നല്ലത്. കറുത്തനിറം കണ്ണുകള്‍ക്ക് കൂടുതല്‍ ആകര്‍ഷണീയത നല്‍കുന്നു.


ലിപ്സ്റിക് തിരഞ്ഞെടുക്കുമ്പോള്‍
ലിപ്സ്റിക് തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. തിളങ്ങുന്ന ചുവപ്പ് നിറം, പിങ്ക്, പവിഴ നിറം, മാന്തളിര്‍ നിറം എന്നിങ്ങനെയുള്ള നിറങ്ങള്‍ തിരഞ്ഞെടുക്കുന്നതാകും നല്ലത്. വളരെ ആകര്‍ഷണം തരുന്ന നിറങ്ങളാണ് ഇവ



സൌന്ദര്യവര്‍ദ്ധക വസ്തുക്കള്‍ തിരഞ്ഞെടുക്കുമ്പോള്‍
ത്വക്ക് രോഗ വിഗദ്ധന്റെ ഉപദേശം സ്വീകരിച്ച ശേഷം മാത്രം സൌന്ദര്യവര്‍ദ്ധക വസ്തുക്കള്‍ തിരഞ്ഞെടുക്കുക. നമ്മുടെ ചര്‍മ്മത്തിന് ദോഷകരമായി ബാധിക്കാത്ത വസ്തുക്കള്‍ തിരഞ്ഞെടുക്കുക. മാര്‍ക്കറ്റില്‍ കിട്ടുന്ന ഏതും വാങ്ങി ഉപയോഗിക്കാതിരിക്കുക . മാര്‍ക്കറ്റില്‍ കാണുന്ന വസ്തുക്കളെല്ലാം വാരിവലിച്ച് ഉപയോഗിക്കുന്നതുവഴി മുഖത്ത് പാടുകളും മറ്റും ഉണ്ടാകുന്നു.

Share this

0 Comment to "മേക്കപ്പ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍"

Post a Comment