Friday 24 January 2014

ഒളിമ്പിക്‌സ് വേദിയിലെ 'ഇരട്ട ടോയ്‌ലെറ്റ്' ഹിറ്റ്

സോചി (റഷ്യ): ഇടുങ്ങിയ ബാത്ത്‌റൂമിനുള്ളില്‍ തൊട്ടുരുമ്മിയെന്നവണ്ണം രണ്ട് ടോയ്‌ലെറ്റുകള്‍. രണ്ടിനുംകൂടി ഒറ്റ ഫ്ലഷ്. നടുക്ക് വേര്‍തിരിവില്ല, ആള്‍മറയില്ല. അടുത്തമാസം റഷ്യയിലെ സോചിയില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്‌സിനെത്തുന്നവര്‍ക്ക് ഉപയോഗിക്കാനുള്ളതാണ് വ്യത്യസ്തമായ ഈ 'ഇരട്ട ടോയ്‌ലെറ്റ്'. ഇതിന്റെ ചിത്രവും കമന്‍റുകളും സോഷ്യല്‍ മീഡിയകളില്‍ വന്‍ തമാശയായി പ്രചരിക്കുകയാണ്.

സോചിയിലെ ക്രോസ് കണ്‍ട്രി സ്‌കീയിങ് കേന്ദ്രത്തിലെ ഇരട്ട ടോയ്‌ലെറ്റിന്റെ ചിത്രം ബി.ബി.സി. ലേഖകന്‍ സ്റ്റീവ് റോസന്‍ബെര്‍ഗ് ആണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. പരിഹസിക്കാനൊന്നുമില്ലെന്നും ഇത്തരം ടോയ്‌ലെറ്റുകള്‍ രാജ്യത്തെ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളില്‍ സാധാരണമാണെന്നും റഷ്യന്‍ ന്യൂസ് ഏജന്‍സി എഡിറ്റര്‍ വാസിലി കോനോവിന്റെ മറുപടിയും ഉടന്‍ എത്തി. ഒറ്റമുറിയില്‍ മൂന്ന് ടോയ്‌ലെറ്റുകളും രണ്ട് മൂത്രപ്പുരയും പ്രവര്‍ത്തിക്കുന്ന ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തു.

എന്നാല്‍, ചില വിരുതന്മാര്‍ ഇതുകൊണ്ടും അടങ്ങിയില്ല. റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാദിമിര്‍ പുതിനും പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവും ഇരട്ട ടോയ്‌ലെറ്റുകളില്‍ ഇരിക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തു. കനത്ത സുരക്ഷയിലാണ് സോചിയില്‍ ശീതകാല ഒളിമ്പിക്‌സ് നടക്കുന്നത്. ടോയ്‌ലെറ്റില്‍ കയറുന്നയാള്‍ക്ക് ഒപ്പം സുരക്ഷാ ഉദ്യോഗസ്ഥന് ഇരിക്കാനാണ് രണ്ടാമത്തെതെന്നാണ് സൈറ്റുകളില്‍ പ്രചരിക്കുന്ന മറ്റൊരു കമന്‍റ്. സംഘാടകസമിതി പക്ഷേ, ഇരട്ട ടോയ്‌ലെറ്റുകളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

Share this

0 Comment to "ഒളിമ്പിക്‌സ് വേദിയിലെ 'ഇരട്ട ടോയ്‌ലെറ്റ്' ഹിറ്റ്"

Post a Comment