Saturday 25 January 2014

രാജ്യത്ത് ആദ്യമായി വൈഫൈ ഫ്രീയായി നല്‍കുന്ന നഗരം ബംഗളൂര്‍

ബംഗളൂര്‍: സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കന്ന ആദ്യ ഇന്ത്യന്‍ നഗരമെന്ന സ്ഥാനം ബംഗളൂരിന് സ്വന്തം. ബംഗളൂരിലെ പ്രശസ്തമായ എംജി റോഡിലാണ് ആദ്യ വൈഫൈ ഹോട്ട് സ്പോട്ട് സൗജന്യമായി ക്രമീകരിച്ചിരിക്കുന്നത്. എംജി റോഡ് ഉള്‍പ്പെടെ നഗരത്തിലെ അഞ്ച് പ്രധാന ഇടങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാകും. അടുത്ത മാസത്തോടെ ഈ ഹോട്ട് സ്പോട്ടുകള്‍ നഗരത്തിലെ പത്ത് ഇടങ്ങളിലേക്ക് കൂടി വ്യാപിക്കുമെന്ന് കര്‍ണാടക ഐടി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

വൈഫൈ പദ്ധതിയിലൂടെ ഒരാള്‍ക്ക് മൂന്ന് മണിക്കൂര്‍ വരെ ബ്രൗസ് ചെയ്യാനും 50 എംബി ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാനും അനുവാദമുണ്ടാകും. പരീക്ഷണമെന്ന നിലയിലാണ് നിലവില്‍ പദ്ധതി അഞ്ചിടങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബാംഗളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈഫൈ സര്‍വീസ് പ്രൊവൈഡറായ ഡി വോയിസാണ് ഐടി വകുപ്പിനായി പദ്ധതി നടപ്പിലാക്കുന്നത്.

എന്നാല്‍ ഈ വൈഫേ ദുരുപയോഗം ചെയ്യാന്‍ സാധിക്കില്ല. ആരാണ് വൈഫൈ ഉപയോഗിക്കുന്നതെന്നും എന്താണ് ഡൗണ്‍ലൗഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സെര്‍വറില്‍ ശേഖരിക്കും. വൈഫൈ ലഭ്യമാക്കിയിട്ടുള്ള സ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറകളും ക്രമീകരിച്ചിട്ടുണ്ട്.

വൈഫൈക്കൊപ്പം നഗരത്തിലെ പൊതുകാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ സാധിക്കുന്ന മൊബൈല്‍ ആപ്ലികേഷനുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യമുണ്ടാകും. ഒരേ സമയം 2,000 പേര്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാം എന്നാണ് ഐടി അധികൃതര്‍ പറയുന്നത്. 512 കെബിപിഎസ് ആണ് വൈഫൈയുടെ കുറഞ്ഞ വേഗത.

വൈഫേയില്‍ എന്തെങ്കിലും രീതിയിലുള്ള പരാതി നിലനില്‍ക്കുന്നുവെങ്കില്‍ അത് പരിഹരിക്കാന്‍ ഉപയോക്താവിന് 1800 123 9636 എന്ന ടോള്‍ ഫ്രീ നമ്പര്‍ ഉപയോഗിക്കാനും അവസരമുണ്ട്.

Share this

0 Comment to "രാജ്യത്ത് ആദ്യമായി വൈഫൈ ഫ്രീയായി നല്‍കുന്ന നഗരം ബംഗളൂര്‍"

Post a Comment