Saturday 25 January 2014

'വലിയ' വിപണിയില്‍ കണ്ണുവെച്ച് സോണി


മൊബൈല്‍ ഫോണിന് വലിയ സ്‌ക്രീന്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യക്കാരാണെന്നാണ് 'സോണി'യുടെ കണ്ടുപിടിത്തം. വിപണിയിലെ ഈ 'ആവശ്യം' മനസ്സിലാക്കി പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ് ജപ്പാന്‍ ആസ്ഥാനമായ കമ്പനി.

എക്‌സ്പീരിയ ടി 2 അള്‍ട്ര ( Sony Xperia T2 Ultra ) എന്ന് പേരിട്ടിരിക്കുന്ന പുതിയ മോഡലിന് ആറിഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. മൊത്തം ഫോണ്‍ വലിപ്പത്തിന്റെ 73.6 ശതമാനം വരുമിത്. നീളം കൂടുതല്‍ ഉണ്ടെങ്കിലും സാധാരണ ക്രെഡിറ്റ് കാര്‍ഡിന്റെ വീതിയേ (7.6 mm) ഇതിനുള്ളൂ. പോക്കറ്റില്‍ ഒതുങ്ങുമെന്നര്‍ഥം.

1280 X 720 പിക്‌സല്‍ ഹൈഡെഫനിഷന്‍ ട്രൈലുമിനോസ് ഡിസ്‌പ്ലേയാണ് ഇതില്‍. ഒപ്പം സോണിയുടെ 'ബ്രാവിയ' ടെലിവിഷന്‍ പരമ്പരയിലേതിന് സമാനമായ BRAVIA engine 2 സങ്കേതവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീഡിയോകള്‍ക്ക് മിഴിവ് വര്‍ധിപ്പിക്കാന്‍ ഇത് സഹായകമാകും.

1.4 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ സ്‌നാപ് ഡ്രാഗണ്‍ 400 പ്രോസസ്സറാണ് കരുത്തേകുക. റാം വണ്‍ ജി.ബി. ഇന്‍ ബില്‍റ്റ് മെമ്മറി എട്ട് ജി.ബി. 32 ജി.ബി. വരെയുള്ള മൈക്രോ എസ്.ഡി. കാര്‍ഡും ഉപയോഗിക്കാം.

3000 എം.എ.എച്ച്. ആണ് ബാറ്ററി. വലിയ ഡിസ്‌പ്ലേ ആയതിനാല്‍ ഇതൊരു കുറവായി കാണേണ്ടെന്നാണ് കമ്പനി പറയുന്നത്. 'ബാറ്ററി സ്റ്റാമിന' മോഡിലിട്ടാല്‍ ഉപയോഗിക്കാത്ത ആപ്ലിക്കേഷനുകളും മറ്റും പ്രവര്‍ത്തനരഹിതമാകുമെന്നും ഇതുവഴി ബാറ്ററിക്ക് കൂടുതല്‍ ശേഷി ലഭിക്കുമെന്നും അവര്‍ അവകാശപ്പെടുന്നു. 'ഓഫായി' കിടക്കുന്ന ആപ്പിലേക്ക് പോയാല്‍ അവ പ്രവര്‍ത്തിച്ച് തുടങ്ങുകയും ചെയ്യും. ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യേണ്ടതില്ല.

2 ജിയില്‍ 14 മണിക്കൂറും 3 ജിയില്‍ 24 മണിക്കൂറും തുടര്‍ച്ചയായ സംസാരസമയവും 1071, 1046 മണിക്കൂര്‍ വീതം സ്റ്റാന്‍ഡ്‌ബൈ സമയവും കമ്പനി വാഗ്ദാനം ചെയ്യുന്നു. 93 മണിക്കൂര്‍ പാട്ടുകേള്‍ക്കാനും ബാറ്ററി ശേഷി നല്‍കും.

എക്‌സ്‌മോര്‍-ആര്‍ സെന്‍സറുള്ള 13 മെഗാപിക്‌സലിന്റേതാണ് പ്രധാന ക്യാമറ. എല്‍.ഇ.ഡി. ഫ് ളാഷുമുണ്ട്. രണ്ട് സെക്കന്‍ഡിനുള്ളില്‍ 31 ചിത്രങ്ങള്‍ പകര്‍ത്താന്‍ ക്യാമറയ്ക്ക് ശേഷിയുണ്ട്. പനോരമ മോഡ് ഉള്‍പ്പെടെ ക്യാമറയുടെ കാര്യത്തില്‍ സോണി നല്‍കുന്ന ഏത് വാഗ്ദാനവും കണ്ണടച്ച് വിശ്വസിക്കാമെന്ന് മുന്‍ അനുഭവങ്ങള്‍ വ്യക്തമാക്കുന്നു. പിന്‍ക്യാമറയിലെ അതേ സെന്‍സര്‍ ഉള്ളതാണ് വീഡിയോ കോളിങ്ങിനായുള്ള 1.1 മെഗാപിക്‌സല്‍ മുന്‍ക്യാമറയും.


ആന്‍ഡ്രോയ്ഡിന്റെ് 'കിറ്റ്കാറ്റ്' ഓപ്പറേറ്റിങ് സിസ്റ്റം എത്തിയിട്ട് നാളേറെ ആയെങ്കിലും 4.3 ജെല്ലിബീന്‍ ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 'കിറ്റ്കാറ്റി'ലേക്ക് അപ്‌ഡേറ്റ് ചെയ്യാനാകുമോ എന്ന് കമ്പനി വ്യക്തമാക്കുന്നുമില്ല.

രണ്ട് സിമ്മുകള്‍ ഉപയോഗിക്കാവുന്ന മോഡലും ലഭ്യമാണ്. 4 ജി സൗകര്യം ഉണ്ടാകില്ലെന്ന് മാത്രം. രണ്ട് നമ്പറുകള്‍ക്കും വ്യത്യസ്ത റിങ്‌ടോണ്‍, മിസ്ഡ്‌കോള്‍ അലേര്‍ട്ട്, സംസാരിച്ചുകൊണ്ടിരിക്കെ ഒറ്റ സ്പര്‍ശനത്തിലൂടെ രണ്ടാമത്തെ നമ്പറിലേക്ക് മാറാനുള്ള സൗകര്യം തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്.

സ്മാര്‍ട്ട് വാച്ച് ഉള്‍പ്പെടെയുള്ള അനുബന്ധ ഉപകരണങ്ങളുമായി എന്‍.എഫ്.സി. സൗകര്യം ഉപയോഗിച്ച് കണക്ട് ചെയ്യുകയുമാവാം.

സാധാരണ ഫ്ലിപ് കവറുകളില്‍നിന്ന് വ്യത്യസ്തമായി ഇതില്‍ പ്രത്യേക സ്റ്റാന്‍ഡ് സൗകര്യമുണ്ട്. വീഡിയോ കോളിങ്, സിനിമ കാണല്‍ തുടങ്ങിയ വേളകളില്‍ ഉപയോക്താവിന് ആവശ്യമായ രീതിയില്‍ ഫോണിനെ ക്രമപ്പെടുത്തിനിര്‍ത്താന്‍ ഇത് സഹായിക്കും.

'വാട്ടര്‍ പ്രൂഫ്' ആണെന്ന് അവകാശപ്പെടുന്നില്ലെങ്കിലും തുടക്കത്തില്‍ പറഞ്ഞ വിപണികളിലെ സാധാരണ കാലാവസ്ഥയ്ക്ക് ഇത് അനുയോജ്യമാണ്.

സോണി എന്റര്‍ടെയ്ന്‍മെന്റ് വിഭാഗം നല്‍കുന്ന സേവനങ്ങളെല്ലാം ഫോണിലും ലഭ്യമാക്കാന്‍ നീക്കമുണ്ട്. തുടക്കത്തില്‍ ചൈനയില്‍ മാത്രമായിരിക്കും ഇതുണ്ടാവുക.

ടി-2 അള്‍ട്രയുടെ ലഭ്യത, വില എന്നിവ സംബന്ധിച്ച് കൃത്യമായ വിവരം കമ്പനി നല്‍കുന്നില്ല. എങ്കിലും ആറിഞ്ച് വലിപ്പവും 400 യൂറോക്ക് (ഏകദേശം 33,300 രൂപ) താഴെ വിലയും ഉള്ള മോഡലുകളുമായി താരതമ്യം ചെയ്താണ് തങ്ങളുടെ 'അവകാശവാദങ്ങളെന്ന്' സോണിയുടെ വെബ്‌സൈറ്റില്‍ പറയുന്നു.

സാംസങ് മെഗാ 6.3, വാവെ അസെന്‍ഡ് മേറ്റ്, എസ്യൂസ് ഫോണ്‍പാഡ് നോട്ട് 6 എന്നിവയെയാണ് താരതമ്യത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

ക്യാമറയുടെയും മറ്റും കാര്യത്തില്‍ സോണി മുന്നിലാണെങ്കിലും 25,000 മുതല്‍ 30,000 രൂപവരെയാണ് മേല്പറഞ്ഞ മോഡലുകള്‍ക്ക് നിലവില്‍ ഇന്ത്യയിലെ വില. ബാറ്ററി, ഓപ്പറേറ്റിങ് സിസ്റ്റം, സ്‌ക്രീന്‍ വലിപ്പം തുടങ്ങിയവയുടെ കാര്യത്തില്‍ എല്ലാ മോഡലുകളും തമ്മില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടുതാനും. 29,000-32,000 രൂപ പരിധിക്കുള്ളിലാണ് വിലയെങ്കില്‍ നേട്ടമുണ്ടാക്കാന്‍ 'സോണി'ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. (കടപ്പാട് : SONY )
ameyasrag@gmail.com


Share this

0 Comment to "'വലിയ' വിപണിയില്‍ കണ്ണുവെച്ച് സോണി"

Post a Comment