Saturday 25 January 2014

ആവേശം, അവസാനം സമനില

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് നാടകീയ സമനില. കിവീസ് ഉയര്‍ത്തിയ 315 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് അവസാന ഓവറില്‍ ജയിക്കാന്‍ 18 റണ്‍സ്. കൈയ്യിലാണെങ്കില്‍ അവശേഷിക്കുന്നത് ഒരു വിക്കറ്റും. രവീന്ദ്ര ജഡേജയും ആരോണുമാണ് ക്രീസില്‍. ആന്‍ഡേഴ്‍സിനെ വിശ്വസിച്ച് പന്തേല്‍പ്പിച്ച കിവീസ് ക്യാപ്റ്റന്‍ ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ആദ്യ പന്ത് തന്നെ അതിര്‍ത്തി കടത്തിയ ജഡേജ ആവേശത്തിന് തിരികൊളുത്തി. തൊട്ടുപിന്നാലെ വൈഡ്. രണ്ടാം പന്തില്‍ കവറിലേക്ക് ലക്ഷ്യംവെച്ചെങ്കിലും ജഡേജ റണ്‍സ് നേടിയില്ല. മൂന്നാമത്തെ പന്തിലും റണ്‍സില്ല. സിംഗിള്‍ സാധ്യമായിരുന്നെങ്കിലും ജഡേജ ക്രീസില്‍ തന്നെ നിലയുറപ്പിച്ചു. തൊട്ടടുത്ത പന്തും ആന്‍ഡേഴ്‍സനു പിഴച്ചു. നാലാമത്തെ പന്ത് ജഡേജയുടെ കരുത്തില്‍ അതിര്‍ത്തി കടന്നു. അവസാന രണ്ടു പന്തില്‍ ജയിക്കാന്‍ എട്ടു റണ്‍സ്. അഞ്ചാമത്തെ ബോള്‍ ഗാലറിയിലേക്ക് പായിച്ച ജഡേജ കളി ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ചു. അവസാന പന്തില്‍ ജയിക്കാന്‍ രണ്ടു റണ്‍സ്. എന്നാല്‍ അവസാന പന്തില്‍ സില്ലി മിഡ് ഓഫിലേക്ക് കട്ടു ചെയ്ത ജഡേജക്ക് ഒരു റണ്‍സ് മാത്രമാണ് നേടാനായത്. ഇന്ത്യക്ക് നാടകീയ സമനില സമ്മാനിച്ച് ജഡേജയും ആരോണും പവലിയനിലേക്ക്.
ജഡേജ 45 പന്തുകളില്‍ നിന്നു പുറത്താകാതെ 66 റണ്‍സ് നേടി. ആറു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് എന്ന പരിതാപകരമായ നിലയില്‍ നിന്നാണ് ഇന്ത്യ ഉയര്‍ത്തെഴുന്നേറ്റത്. അശ്വിന്‍ 46 പന്തുകളില്‍ നിന്നു അടിച്ചുകൂട്ടിയ 65 റണ്‍സാണ് ഇന്ത്യയെ പരാജയത്തിന്റെ പടുകുഴിയില്‍ നിന്നു കരകയറ്റിയത്. ഇന്ത്യയുടെ സ്കോര്‍ 269 ല്‍ എത്തിച്ച ശേഷമാണ് അശ്വിന്‍ ക്രീസ് വിട്ടത്. അശ്വിനും ജഡേജയും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 85 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. അശ്വിന്റെ അശ്വമേധം അവസാനിച്ചതോടെ ജഡേജ ഒറ്റയാള്‍ പോരാട്ടം തുടങ്ങുകയായിരുന്നു. നേരത്തെ, ടീം ഇന്ത്യ അമിതമായി ആശ്രയിച്ചിരുന്ന വിരാട് കൊഹ്‍ലി(6)യും രഹാനെ (3)യും നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ ധോണി അര്‍ധ സെഞ്ച്വറി നേടി പുറത്തായി. ന്യൂസിലാന്‍ഡിനു വേണ്ടി ആന്‍ഡേഴ്‍സന്‍ അഞ്ചു വിക്കറ്റെടുത്തു. ആദ്യ രണ്ടു ഏകദിനങ്ങളിലും തോല്‍വി വഴങ്ങിയ ഇന്ത്യ ഇന്ന് സമനിലയോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ നേരിയ പ്രതീക്ഷ നിലനിര്‍ത്തി.
നേരത്തെ, ഇശാന്ത് ശര്‍മയെ ഒഴിവാക്കിയിട്ടും ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ബൌളിംഗിന് താളം കണ്ടെത്താനായില്ല. ഓപ്പണര്‍ ഗുപ്റ്റിലിന്‍റെ എണ്ണംപറഞ്ഞ ശതകത്തിന്‍റെ പിന്‍ബലത്തില്‍ കിവികള്‍ ഒരിക്കല്‍ കൂടി കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി. നിശ്ചിത 50 ഓവറില്‍ 314 റണ്‍സാണ് ആതിഥേയര്‍ അടിച്ചു കൂട്ടിയത്. ടോസ് നഷ്ടപ്പെട്ട് മൂന്നാം തവണയും ബാറ്റിംഗിന് അയക്കപ്പെട്ട ന്യൂസിലാന്‍ഡിന് അഞ്ചാം ഓവറില്‍ 20 റണ്‍സെടുത്ത റെയ്ഡറെ നഷ്‍ടപ്പെട്ടു. കിവി പക്ഷികള്‍ ചിറക് വിടര്‍ത്തി പറക്കുന്നതാണ് പിന്നെ കണ്ടത്. ക്രീസിലൊന്നിച്ച ഗുപ്റ്റിലും വില്യംസണും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ കണ്ടെത്തിയത് വിലപ്പെട്ട 153 റണ്‍സാണ്. കൌമാര പ്രതിഭാസം ആന്‍ഡേഴ്സണ്‍ പരമ്പരയിലാദ്യമായി പരാജയപ്പെട്ടതും സെഞ്ച്വറി തികച്ച ഗുപ്റ്റില്‍ (111) മടങ്ങിയതും ഇന്ത്യക്ക് ആശ്വാസമായി. പിന്നീടങ്ങോട്ട് ഇന്ത്യന്‍ ബൌളര്‍മാര്‍ ചരടുവലിച്ചു. ഇതിനിടെ ടെയ്‍ലറും നായകന്‍ മക്കല്ലമും കൂടാരം കയറി.
സമ്മര്‍ദത്തിന്‍റെ പിടിയിലേക്ക് വഴുതി വീഴുന്ന ആതിഥേയര്‍ക്ക് ആഹ്‍ളാദം പകര്‍ന്ന് വിക്കറ്റ് കീപ്പര്‍ റോഞ്ചി മിന്നലടികുളുമായി ഇന്ത്യയെ നെടുകെ പിളര്‍ന്നു, 20 പന്തുകളില്‍ നിന്നും 38 റണ്‍സെടുത്ത കിവിതാരം മൂന്നു തവണ പന്ത് അതിര്‍ത്തിക്ക് മുകളിലൂടെ പറത്തി. മൂന്ന് ബൌണ്ടറികള്‍ കൂടി അടങ്ങുന്നതായിരുന്നു ആ വിസ്ഫോടനം. അവസാന ഓവറുകളില്‍ ഇന്ത്യയെ കശാപ്പ് ചെയ്യുന്ന ദൌത്യം സൌത്തി ഏറ്റെടുത്തതോടെ ആതിഥേയരുടെ സ്കോര്‍ 300 കടന്നു. ഇന്ത്യക്കായി രവീന്ദ്ര ജഡേജയും മുഹമ്മദ് സമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി

Share this

0 Comment to "ആവേശം, അവസാനം സമനില"

Post a Comment